എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാബായിയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസം പിന്നിടുന്നു. സമരവുമായി മുന്നോട്ട് നീങ്ങുന്ന ദയാബായിയെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കിയെങ്കിലും സമരസമിതി നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു. തുടര്‍ന്ന് വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സമരപ്പന്തലിലേക്ക് ദയാബായിയെത്തി സമരം തുടര്‍ന്നു.

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച എയിംസ് പ്രൊപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ഉള്‍പ്പെടുത്തുക, വിദഗ്ധ ചികിത്സാ സംവിധാനമുള്ള ആശുപത്രി ജില്ലയില്‍ തന്നെ ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കുമായി ഗ്രാമപഞ്ചായത്ത് നഗരസഭാ മേഖലകളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വര്‍ഷം തോറും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒക്ടോബര്‍ രണ്ട് മുതല്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ഉക്കിനടുക്ക മെഡിക്കല്‍ കോളജിന് 2013ല്‍ തറക്കല്ലിട്ടെങ്കിലും ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ധ ചികിത്സാ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളൊന്നുമായിട്ടില്ല. കൊവിഡ് രോഗബാധിതര്‍ക്കായി ടാറ്റ ഹോസ്പിറ്റല്‍ ന്യൂറോ സ്‌പെഷ്യലിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാവശ്യപ്പെട്ടിട്ടും നടപടികളൊന്നുമായില്ല. 18വയസു കഴിഞ്ഞാല്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂളില്‍ പ്രവേശനമില്ല. മറ്റു സംവിധാനങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരമാകുന്നില്ല.

ഓരോ വര്‍ഷവും ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും 2017ന് ശേഷം ഇതുവരെ മെഡിക്കല്‍ ക്യാമ്പ് നടന്നിട്ടില്ല. കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന രേഖാമൂലമുള്ള പരാതികള്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടും ഇതു സംബന്ധിച്ച് നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Leave A Reply