കരുനാ​ഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കല്ലേലിഭാഗം സ്വദേശികളായ അനന്തു, അഹിനാസ്, ശൂരനാട് സ്വദേശി പ്രവീണ്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ച് കൊല്ലം ജില്ലയിൽ വിൽപ്പന നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്നും 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കരുനാഗപ്പള്ളി തൊടിയൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

അനന്തുവും പ്രവീണുമാണ് ബം​ഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ചത്. 50 ഗ്രാമിന് ഒരു ലക്ഷം രൂപയാണ് നൽകിയത്. അഹിനാസ് താമസിച്ചു വരുന്ന വീട്ടിലെത്തിച്ച് ചെറിയ പാക്കറ്റുകളാക്കിയായിരുന്നു ഇവരുടെ വിൽപ്പന. ഇത്തരത്തിൽ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply