നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കണം: കർഷകസംഘം കലക്ടറേറ്റ് മാർച്ച് 10ന്

പാലക്കാട്: നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘം ജില്ലാ കമ്മിറ്റി 10ന്‌ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും. ഭക്ഷ്യധാന്യത്തിന്‌ ജിഎസ്‌ടി ചുമത്തിയതും സംഭരിക്കുന്ന നെല്ല്‌ ക്വിന്റലിന്‌ 68 കിലോ അരി സപ്ലൈകോയ്‌ക്ക്‌ തിരിച്ചുനൽകണമെന്നുമുള്ള ഹൈക്കോടതി വിധിയും കേന്ദ്ര സർക്കാർ ഉത്തരവും മില്ലുകാരെയും പ്രതിസന്ധിയിലാക്കി.

ഇക്കാരണങ്ങളാൽ ഇതുവരെ സംഭരണം തുടങ്ങാനായിട്ടില്ല. പലയിടത്തും കൊയ്‌ത്ത്‌ തുടങ്ങി. നെല്ല്‌ സൂക്ഷിക്കാനാകാതെ കിട്ടിയ വിലയ്‌ക്ക്‌ കർഷകർക്ക്‌ വിൽക്കേണ്ടിവരുന്നു. സംഭരിക്കുന്ന നെല്ലിന്‌ 64 കിലോ അരി നൽകാനാണ്‌ സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്‌. അത്‌ ഹൈക്കോടതി റദ്ദാക്കിയതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌.

കർഷകരുടെ ആശങ്ക പരിഹരിച്ച് നെല്ല് സംഭരണം ഉടൻ തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ടാണ് മാർച്ച്‌. തിങ്കൾ രാവിലെ 10ന്‌ കോട്ടമൈതാനം അഞ്ചുവിളക്കിന്‌ സമീപത്തുനിന്ന്‌ പ്രകടനം തുടങ്ങും.
ജില്ലാകമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം ആർ മുരളി, ജോസ് മാത്യൂസ്, എസ് സുഭാഷ് ചന്ദ്രബോസ്, എം കെ സുരേന്ദ്രൻ, ഇ എൻ രവീന്ദ്രൻ, ശോഭന രാജേന്ദ്രപ്രസാദ്, എൻ മണികണ്ഠൻ, എസ് സഹദേവൻ, എ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Leave A Reply