നഴ്‌സിംഗ് വിദ്യാർഥിനികളെ ക്രൂരമായി മർദിച്ചു; കിടപ്പറ പങ്കിടണമെന്ന് ആവശ്യപ്പെട്ടു; എസ്.എഫ്.ഐ നേതാവിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെൻറ് നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനികളെ എസ്.എഫ്.ഐ നേതാവ് ക്രൂരമായി മർദിച്ചതായി പരാതി. എഫ്.എഫ്.ഐ നേതാവായ ജഗിൽ ചന്ദ്രനെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും, വനിതാ കമ്മീഷനിലും പരാതി നൽകിയിരിക്കുന്നത്. 2018 ൽ കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം അവസാനം കോളേജിൽ സ്പോർട്സ് ഡേയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചപ്പോൾ ഇയാൾ ഗ്രൗണ്ടിലേക്ക് കയറി വരികയും യാതൊരു പ്രകോപനവും കൂടാതെ പെൺകുട്ടികളെ അസഭ്യം പറയുകയുമായിരുന്നു. പെൺകുട്ടികളോട് അസഭ്യം പറഞ്ഞ ഇയാൾ നിരവധി വിദ്യാർത്ഥിനികളെ ക്രൂരമായി മർദിച്ചു. മറ്റൊരു കുട്ടിയുടെ ഹിജാബ് വലിച്ചു കീറുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. ഇയാൾക്കെതിരെ കോളേജ് പ്രിൻസിപ്പാളായ പ്രൊഫസർ ബിൻസിയോട് പരാതി പറഞ്ഞെങ്കിലും ജഗിൽ ചന്ദ്രന് അനുകൂലമായി സംസാരിക്കുകയാണ് ചെയ്‌തതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.

2015ൽ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ ചേർന്ന ജഗിൽ ചന്ദ്രൻ ഇതുവരെയായിട്ടും പഠനം പൂർത്തിയാക്കിയിട്ടില്ല. ഇയാൾ മുൻപും പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ട്. പരാതിയെ തുടർന്ന് ജഗിൽ ചന്ദ്രനെതിരേ പോലീസ് കേസെടുത്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി വിട്ടയയ്‌ക്കുകയാണ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വനിതാ കമ്മീഷനും കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടുന്നവർ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാർ പറയുന്നു.

പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 10 ദിവസത്തെ അവധി നൽകിയിരിക്കുകയാണ് പ്രിൻസിപ്പാൾ. പ്രതിയുടെ ശല്യം സഹിക്ക വയ്യാതെ പെൺകുട്ടികൾക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

പോലീസും കോളേജ് അധികൃതരും ചേർന്ന് രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നു. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിട്ടാണ് പെൺകുട്ടികളെ മർദിക്കുകയും, അസഭ്യം പറയുകയും ചെയ്തതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. പെൺകുട്ടികളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത ജഗിൽ ചന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും കോളേജിൽ നിന്നും പുറത്താക്കണമെന്നുമാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.

Leave A Reply