ദമ്പതികളെ കെട്ടിയിട്ട്‌ കവർച്ച: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർ അറസ്‌റ്റിൽ

വടക്കഞ്ചേരി :പന്നിയങ്കര ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ആറ് പേർ അറസ്റ്റിൽ. സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്താംപട്ടി മണക്കാട് അൻപനഗർ മുഹമ്മദ് അബ്ദുള്ള (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്‌ശെൽവൻ (21) ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻ പാളയം യുവറാണി (40) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ്‌ പിടികൂടിയത്‌.

പന്നിയങ്കരയിലെ കവർച്ചയ്ക്ക് ശേഷം സേലത്തേക്ക് കടന്ന ഇവരെ പോലീസ് പിന്തുടർന്നിരുന്നു. സേലത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് മധുര ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇവർ കവർന്ന സ്വർണം ഈറോഡിൽ വിറ്റതായി പറയുന്നു. തെളിവെടുപ്പിനും തുടരന്വേഷണത്തിനും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നിരവധി മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്.

കഴിഞ്ഞമാസം 22 നാണ് ചുവട്ടുപാടത്തെ റിട്ടയേഡ്‌ കെ എസ്ആർടിസി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് കെട്ടിയിട്ട് 25 പവൻ സ്വർണവും 10,000 രൂപയും കവർന്നത്. ആലത്തൂർ ഡിവൈഎസ്‌ പി ആർ അശോകൻ, വടക്കഞ്ചേരി സിഐ എ ആദംഖാൻ, എസ്ഐ കെ വി സുധീഷ്‌കുമാർ, എ എസ്ഐ ബിനോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗോപകുമാർ, അനന്തകൃഷ്ണൻ, സിന്ധു, സിവിൽ പൊലീസ് ഓഫീസർ റഷീദ്, സ്പെഷ്യൽ സ്ക്വാഡ് എസ്ഐ ജലീൽ, എഎസ്ഐ സുനിൽകുമാർ, അംഗങ്ങളായ റഹീംമുത്തു, യു സൂരജ്ബാബു, കൃഷ്ണദാസ്, ദിലീപ്, വിനീഷ്, ഷനോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന് നേതൃത്വം നൽകി.

Leave A Reply