നെല്ലിയാമ്പതിയിലും കാരവൻ പാർക്ക്‌

കൊല്ലങ്കോട്: നെല്ലിയാമ്പതിയിൽ കാരവൻ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. പോത്തുണ്ടി ഉദ്യാനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാരവൻ ടൂറിസത്തിന്‌ വലിയ സാധ്യതയുള്ള ഇടമാണ്‌ നെല്ലിയാമ്പതിയെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പദ്ധതികളും പൂർത്തിയാകാനുള്ള പദ്ധതികളും മന്ത്രി വിലയിരുത്തി. പോത്തുണ്ടി ഉദ്യാനത്തിൽ വിനോദ സഞ്ചാരികൾക്ക് രാത്രി പ്രവേശനം, ഉദ്യാനത്തെ സാസ്കാരിക പരിപാടികൾക്ക് അനുയോജ്യമാക്കുക, ആധുനിക സംവിധാനങ്ങളും ഉല്ലാസ സംവിധാനങ്ങളും ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ കെ ബാബു എംഎൽഎ മന്ത്രിയെ അറിയിച്ചു. ഇവയും നടപ്പാക്കാൻ ശ്രമിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

നെല്ലിയാമ്പതിയിൽനിന്ന് മടങ്ങുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പോത്തുണ്ടി ഉദ്യാനത്തിന്റെ പ്രവൃത്തി സമയം മാറ്റുന്ന കാര്യം പരിഗണിക്കും. ഉദ്യാനത്തിൽ ദീപാലങ്കാരവും ഫൗണ്ടനും സംഗീതവും ഏർപ്പെടുത്തും. ഡെസ്റ്റിനേഷൻ ചലഞ്ചിൽ 60 ശതമാനം ചെലവ്‌ ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കുന്ന രീതിയിൽ പ്രാദേശിക ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകും. ഉദ്യാനം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുമായും മന്ത്രി സംവദിച്ചു. സഞ്ചാരികളുമൊത്ത് ഫോട്ടോയെടുക്കാനും മന്ത്രി സമയം കണ്ടെത്തി.

മന്ത്രിയോടൊപ്പം കെ ബാബു എംഎൽഎ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, പല്ലശന പഞ്ചായത്ത് പ്രസിഡന്റ് എൽ സായ്‌രാധ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഫാറൂഖ് തുടങ്ങിയവരുമുണ്ടായിരുന്നു.

Leave A Reply