പ്രായപൂര്‍ത്തിയാവാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

മുംബൈ: പ്രായപൂര്‍ത്തിയാവാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഏഴു വര്‍ഷമായി പിതാവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് മകള്‍ അറിയിച്ചത്. പത്തു വയസ്സില്‍ തുടങ്ങിയതാണിത്. അന്നൊന്നും ലൈംഗിക അതിക്രമം ആണെന്നു മനസ്സിലായിരുന്നില്ല. ഒന്‍പതാം ക്ലാസില്‍ വച്ച്‌ ലൈംഗിക വിദ്യാഭ്യാസ ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് തനിക്കു നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞതെന്നും മകള്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ കപ്പലില്‍ ജോലി ചെയ്യുന്ന പിതാവ് രണ്ടു മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ട്. പിതാവ് വരുമ്ബോഴെല്ലാം മകള്‍ മുറിയില്‍ തന്നെ ഒതുങ്ങിക്കൂടുന്നതു ശ്രദ്ധിച്ച മാതാവ് ചോദ്യം ചെയ്തപ്പോഴാണ്, ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

മകള്‍ മുടങ്ങാതെ സ്‌കൂളില്‍ പോവുകയും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതു മകള്‍ തന്നെ കോടതിയില്‍ സമ്മതിച്ചതാണ്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന മകളുടെ ആരോപണം തെറ്റെന്ന് തെളിയിക്കുന്നതാണ് ഈ പെരുമാറ്റമെന്ന് പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാൽ ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന എല്ലാവരുടെയും പെരുമാറ്റം ഒരുപോലെയാവണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവര്‍ സാധാരണ പോലെ പെരുമാറുകയും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുകയും ചെയ്യില്ല എന്ന പൊതു നിഗമനത്തില്‍ എത്താനാവില്ല. പതിവായി സ്‌കൂളില്‍ പോവുന്നതും ഉയര്‍ന്ന മാര്‍ക്കു വാങ്ങന്നതും കുട്ടിയുടെ ആരോപണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

 

Leave A Reply