തളർന്ന് കിടപ്പിലായ വയോധികയെ കൊലപ്പെടുത്തിയ കേസ്; മകൻ അറസ്റ്റിൽ

വടക്കഞ്ചേരി: പക്ഷാഘാതത്തെ തുടർന്ന്​ ശരീരം തളർന്ന് കിടപ്പിലായ വയോധികയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മംഗലംഡാമിന് സമീപം രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈജുവിനെ (38)യാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്​ പോലീസ്​ പറയുന്നത്​.

മകന്റെ മര്‍ദനത്തിനിടെ മേരിയുടെ തല ഭിത്തിയിലിടിച്ച് പൊട്ടി. തലക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തം പുരണ്ട വസ്ത്രം ഉള്‍പ്പെടെ മാറ്റിയ ശേഷം ഷൈജു തന്നെയാണ് അയൽവാസികളോട് വിവരം പറയുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മ കട്ടിലിൽ നിന്നും വീണ് പരിക്കു പറ്റി എന്നുപറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.

Leave A Reply