ഐസിസി വനിതാ താരത്തിനുള്ള പട്ടികയില്‍ സ്മൃതിയും ഹര്‍മനും

ദുബായ്: സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച വനിതാ താരമാവാനുള്ള പട്ടികയില്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇടം നേടി.ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഓപ്പണര്‍ സ്മൃതി മന്ദാന എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ടോപ് സ്കോററായിരുന്നു ഹര്‍മന്‍. ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പട്ടികയില്‍ മൂന്നാമത്.

1999ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം ചരിത്രം കുറിച്ചു . മൂന്നു മത്സരങ്ങളുടെ പരമ്ബരയില്‍ 221 റണ്‍സുമായി ടോപ് സ്കോററായ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സ് നേടിയ ഹര്‍മന്‍ രണ്ടാം മത്സരത്തില്‍ 143 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ ഹര്‍മന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയില്‍ 181 റണ്‍സുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ഹര്‍മന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് അര്‍ധസെഞ്ച്വറികളുടെ അകമ്ബടിയോടെ 181 റണ്‍സാണ് സ്മൃതി നേടിയത്. യു.എ.ഇയില്‍ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബംഗ്ലാദേശിനെ ചാമ്ബ്യന്‍മാരാക്കിയതിനൊപ്പം 180 റണ്‍സുമായി ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരിയായിരുന്നു നിഗര്‍.

Leave A Reply