പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോരപാത യാഥാർത്ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലൂടെ കടന്നുപോകുന്ന മലയോരപാത യാഥാർത്ഥ്യമാകുകയാണെന്നും ഇതിനായുള്ള ഡി.പി.ആർ തയ്യാറായിക്കഴിഞ്ഞതായും പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലയോര പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി സംസ്ഥാനത്ത് വികസന കുതിപ്പ് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ നിയോജകമണ്ഡലത്തിലെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെട്ട മുതലമട റെയിൽവേ സ്റ്റേഷൻ റോഡ്, ആലാംകടവ്- പാറക്കൽ റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തിയുടെ ഉദ്ഘാടനം നന്ദിയോട് ജി.എച്ച്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തി തദ്ദേശീയ റോഡുകളുടെ പ്രശ്നങ്ങൾ പഠിക്കുകയും അതിവേഗം പരിഹാരം ഉണ്ടാക്കുകയും ചെയ്തു വരികയാണെന്നും പാലക്കാട് -പാറ- പൊള്ളാച്ചി റോഡ് ഹൈടെക് നിലവാരത്തിൽ ഉടൻ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി. മുരുകദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ചിന്നക്കുട്ടൻ, പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, നോർത്ത് സർക്കിൾ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യു.പി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Leave A Reply