”പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഞാൻ വാങ്ങും”; ഇലോണ്‍ മസ്‌കിന് വീണ്ടും മനംമാറ്റം

അമേരിക്ക: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ട്വിറ്ററിന്റെ കാര്യത്തില്‍ വീണ്ടും മനംമാറ്റം. വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത മസ്‌ക് തന്നെ ഇപ്പോള്‍ നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നോട്ടുവച്ച അതേ വിലയ്ക്ക് തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്‌ക് വീണ്ടും അറിയിച്ചിരിക്കുന്നത്. ട്വിറ്റര്‍ വില്‍പന പാതിവഴിയില്‍ മുടങ്ങിയത് കേസായി കോടതിയിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മസ്‌ക് നിലപാട് മാറ്റിയത്.

ഓഹരി വില നിശ്ചയിച്ച് വാങ്ങാനുള്ള ധാരണയായ ശേഷം അതില്‍ നിന്ന് പിന്മാറിയ മസ്‌കിനെതിരെ ട്വിറ്ററാണ് കോടതിയെ സമീപിച്ചത്. 54.20 ഡോളര്‍(4415 രൂപ) നിരക്കില്‍ ഓഹരി വാങ്ങാനുള്ള താത്പര്യമാണ് മസ്‌ക് ഇപ്പോള്‍ അറിയിച്ചിട്ടുള്ളതെന്ന് ട്വിറ്റര്‍ വക്താവും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നിശ്ചയിച്ച അതേ വില തന്നെയാണ് ഇപ്പോഴും മുന്നോട്ടുവച്ചത്.

Leave A Reply