ശശി തരൂരിനെ അവഗണിച്ച് കേരള നേതാക്കൾ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ കേരളാ നേതാക്കൾ അവഗണിക്കുന്നത് ഹൈക്കമാൻഡിന്റെ മനസറിഞ്ഞ് കൂടിയാണ്. ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന കൃത്യമായ സന്ദേശം ലഭിച്ചതോടെയാണ് ആദ്യം മനസാക്ഷി വോട്ട് പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം മലക്കം മറിഞ്ഞത്. ഇതിനിടയിലും പ്രചാരണം ശക്തിപ്പെടുത്തുകയാണ് തരൂർ.

ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് കേരള നേതാക്കളുടെ മനസിലിരിപ്പ് . അതിനാൽ തരൂരിനെ നേരിൽ കണ്ട് സംസാരിക്കാൻ പോലും മുതിർന്ന നേതാക്കൾ കൂട്ടാക്കുന്നില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും തരൂരിനെ കെപിസിസി അധ്യക്ഷൻ അവഗണിച്ചതിന് പിന്നിലും ഇത് തന്നെയാണ് കാരണം. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അത്യപ്തനാണ്.

കെ സുധാകരനും തെലുങ്കാന പിസിസി അധ്യക്ഷനുമടക്കമുള്ളവർ സ്വീകരിച്ച പരസ്യ നിലപാട് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് തരൂർ പക്ഷത്തിന്റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്.

Leave A Reply