കെഎം ഷാജി വിവാദവും പോപ്പുലർ ഫ്രണ്ട് നിരോധനവും; ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. പാര്‍ട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാനാണ് യോഗം ചേരുന്നത്. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും, കെഎം ഷാജി വിവാദവും യോഗത്തിൽ ചർച്ചയാകും.

പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ തന്നെ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ചുള്ള കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

ഷാജിയുടെ പ്രസംഗം വീണ്ടും വിവാദമായി മാറിയതോടെ ഒരു വിഭാഗം നേതാക്കള്‍ ഷാജിക്കെതിരെ നടപടി ആവിശ്യപ്പെട്ടേക്കും. സംഘടന സംവിധാനവുമായി ബന്ധപ്പെട്ട് ചില ഭരണഘടന ദേദഗതികള്‍ ഇടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഇതു ചര്‍ച്ച ചെയ്തു.

എന്നാല്‍ ഭേദഗതി നടപ്പിലാക്കണമെങ്കിൽ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കണം. അഞ്ചംഗ അച്ചടക്ക സമിതി, 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് എന്നിവ ഭരണഘടനയുടെ ഭാഗമായി ഉള്‍പ്പെടുത്തും. പാര്‍ട്ടി കമ്മിറ്റികളുടെ കാലാവധി 4 വര്‍ഷമായി നിജപ്പെടുത്തും. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിരഭിപ്രായം ഉയരാന്‍ സാധ്യതയില്ല.

Leave A Reply