134 വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി കണ്ണാടി പഞ്ചായത്ത്

പാലക്കാട്: കണ്ണാടി പഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പേവിഷബാധ നിയന്ത്രണ തീവ്രയജ്ഞ കുത്തിവയ്പ്പ് ക്യാമ്പിന്റെ ഭാഗമായി ഒരു മാസത്തിൽ 134 വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി. 129 വളർത്തുനായകൾക്കും അഞ്ച് പൂച്ചകൾക്കുമാണ് കുത്തിവയ്‌പ്പെടുത്തത്.

ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരി, കണ്ണനൂർ മൃഗസംരക്ഷണ കേന്ദ്രങ്ങളിലും വടക്കുമുറിയിലെ മൃഗാശുപത്രിയിലുമായാണ് തീവ്ര പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ നടന്നത്. പഞ്ചായത്തിൽ എല്ലാ ദിവസവും വളർത്തുമൃഗങ്ങൾക്കുള്ള കുത്തിവയ്പ്പ് നടന്നു വരുന്നതായും ഒരു മാസം കുറഞ്ഞത് 30 വളർത്തുമൃഗങ്ങൾക്ക് കുത്തിവയ്പ്പ് നൽകി വരുന്നുണ്ടെന്നും കണ്ണാടി പഞ്ചായത്ത് മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. ദേവദാസ് അറിയിച്ചു.

വളർത്തുനായ്ക്കളെയും പൂച്ചകളെയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നതിനും നിർബന്ധമായും ലൈസൻസ് എടുക്കുന്നതിനും വേണ്ട നടപടികൾ പഞ്ചായത്തിൽ നടക്കുന്നുണ്ട്. തീവ്രയജ്ഞ കുത്തിവയ്പ്പ് ക്യാമ്പിലെത്തിയവരിൽ 84 പേർക്ക് ലൈസൻസ് നൽകിയതായും പഞ്ചായത്തിലെ തെരുവുനായകൾക്ക് വാക്സിനേഷൻ നൽകുന്നതിന് വേണ്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്താൻ കഴിയാത്ത അപൂർവ്വം സാഹചര്യങ്ങളിൽ വീടുകളിൽ നേരിട്ടെത്തി കുത്തിവയ്പ്പ് എടുക്കാറുണ്ട്. കണ്ണാടി മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. ദേവദാസ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ഷാജഹാൻ, പ്രിയ, ഫീൽഡ് ഓഫീസർ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടന്നത്.

Leave A Reply