ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരം മൂന്ന് പേർ പങ്കിടും

ഡൽഹി: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരം മൂന്ന് പേർ പങ്കിടും. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്പെക്ടിനും അമേരിക്കകാരനായ ജോൺ എഫ് ക്ലോസർക്കും ഓസ്ട്രിയയിൽ നിന്നുള്ള ആന്‍റോണ്‍ സെലിങർക്കുമാണ് പുരസ്‍ക്കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്കാണ് മൂന്ന് പേരും നേതൃത്വം നൽകിയത്. പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് കണങ്ങൾ പരസ്‍പരം വേര്‍പെട്ടാലും ഒന്നായി പ്രവർത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നോബേൽ സമിതി പരിഗണിച്ചത്.

ക്വാണ്ടം തിയറിയെ പ്രയോഗവത്കരിക്കുന്നതിലും ഇവർ വലിയ സംഭാവനയാണ് നൽകിയത്. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് അടക്കമുള്ള പുതിയ ശാസ്ത്രശാഖകൾക്കും ഇവരുടെ പരീക്ഷണങ്ങളും നിഗമനങ്ങളും ഊർജ്ജമേകിയെന്നും പുരസ്കാര സമിതി വിലയിരുത്തി. പാരിസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനാണ് ഏലിയൻ ആസ്പെക്ട്. അമേരിക്കയിലെ ക്ലോസർ ആൻഡ് അസ്സിയേറ്റിൽ ഗവേഷകനാണ് ജോൺ എഫ് ക്ലോസർ, വിയന്ന സർവ്വകലാശാലയിൽ അധ്യാപകനാണ് ആന്‍റോണ്‍ സെവിങർ.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിന്‍റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്‍റേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തികരിച്ചതിനാണ് പുരസ്‍കാരം.

Leave A Reply