നേതാക്കൾ കട്ട കലിപ്പിൽ ; പ്രവർത്തകർ നിരാശയിൽ ; ബിജെപിയിൽ പുതിയ സമവാക്യം

ഒടുവിൽ ബി.ജെ.പി. ഗ്രൂപ്പുപോര്‌ തെരുവിലെത്തി . സംസ്‌ഥാന നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു .
കേരളത്തിലെ പാർട്ടിയുടെ ഇപ്പോഴത്തെ സ്‌ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുമൊക്കെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം അമിത് ഷാ കേരളത്തിലെത്തി പാർട്ടിയുടെ മാത്രമല്ല കേരള രാഷ്ട്രീയ സാഹചര്യം പഠിച്ചിരുന്നു . അതിന് പിന്നാലെയാണ് കേരളത്തിലെ പ്രഭാരിയായി പ്രകാശ് ജാവദേക്കരെ നിയമിച്ചത് . പ്രധാന മന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കൂടി തീരുമാനിച്ചിട്ടാണ് ദേശീയ പ്രസിഡന്റ്‌ ജെ.പി. നഡ്‌ഡയും പ്രഭാരി ജാവഡേക്കറും ഇവിടേക്ക് വന്നത് .

ഇവർ സംസ്‌ഥാനത്ത്‌ എത്തിയ സാഹചര്യത്തിലാണ്‌ സംസ്ഥാന നേതാക്കൾക്കെതിരായ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. സേവ്‌ ബി.ജെ.പി. ഫോറത്തിന്റെ പേരിലുള്ള പോസ്‌റ്ററുകളില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്‌.

സംസ്‌ഥാന നേതാക്കളുടെ അനധികൃത സ്വത്ത്‌ സമ്പാദനത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ പോസ്‌റ്ററുകളിലെ പ്രധാന ആവശ്യം. സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും സംസ്‌ഥാന കാര്യാലയം പണിയുന്നതിന്റെ മറവില്‍ സ്വന്തമായി വീടു നിര്‍മിച്ച നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നും പോസ്‌റ്ററുകളിലുണ്ട്‌.

ഓഫീസ്‌ ഉദ്‌ഘാടനത്തിന്റെ ഭാഗമായി സ്‌ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകളിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിലും മലയാളത്തിലുമായാണ്‌ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌. രണ്ടു ചേരിയായി തിരിഞ്ഞ്‌ സംസ്‌ഥാനത്ത്‌ പരസ്‌പരമുള്ള പോരാട്ടം തുടങ്ങിയിട്ട്‌ നാളുകളേറെയായി. ഈ രണ്ടു ഗ്രൂപ്പുകളെയും അംഗീകരിക്കാത്ത പുതിയ ഒരു ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട് .

ഇതില്‍ മനംനൊന്ത്‌ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇപ്പോള്‍ സജീവമല്ല. ബി.ജെ.പിക്ക്‌ സംസ്‌ഥാനത്തു പുതിയ മുഖം നല്‍കിയ സുരേഷ്‌ ഗോപി അടക്കമുള്ളവരും നിര്‍ജീവാവസ്‌ഥയിലാണ്‌. ഇതോടെ പാര്‍ട്ടിക്ക്‌ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്‌ഥയാണ്‌ യഥാർത്ഥത്തിൽ നിലവിലുള്ളത് .

ഇത്‌ മനസിലാക്കിയാണ്‌ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍. തോന്നിയതു പോലെ സംസ്‌ഥാന നേതൃത്വം മുന്നോട്ടു പോകുന്നതില്‍ പ്രവര്‍ത്തകരും നിരാശയിലാണ്‌. സംസ്‌ഥാനത്ത്‌ നേതാക്കള്‍ അഡ്‌ജസ്‌റ്റ്‌മെന്റ്‌ രാഷ്‌ട്രീയമാണ്‌ കളിക്കുന്നതെന്നാണ്‌ പ്രവര്‍ത്തകരുടെ പരാതി.

ദേശീയ അധ്യക്ഷന്നും പ്രഭാരിയും എത്തിയിട്ടും ഗ്രൂപ്പ്‌കളി അവസാനിപ്പിക്കാന്‍ നേതാക്കള്‍ തയാറല്ലെന്നുള്ളതിന്റെ സൂചനയാണ്‌ തിരുവനന്തപുരം നഗരത്തിലെ പോസ്‌റ്ററുകളെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

 

 

 

 

 

 

 

 

Leave A Reply