പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്ന് ജെ.പി നദ്ദ

തിരുവനന്തപുരം: സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.

ബജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണ്. സർവകലാശാല നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാർ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിനും എതിരെ സ്വപ്ന സുരേഷ് കോടതിയിൽ മൊഴി നൽകുന്ന സാഹചര്യം വരെ ഉണ്ടായി.

സർക്കാർ കൈക്കൊള്ളുന്നത് ലോകായുക്തയെ ഇല്ലാതാക്കുന്ന നടപടിയാണ് . സർക്കാർ കുടുംബാധിപത്യത്തിലും അഴിമതിയിലും പെട്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് അടിയന്തരമായി മെഡിക്കൽ സാധനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

അക്രമം ചെയ്യുന്നവർക്ക് പൊലീസിന്റെയും നിയമസംവിധാനങ്ങളുടെയും പിന്തുണ ലഭിക്കുന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ആരംഭദിനത്തിലാണ് പാർട്ടി നേതാക്കൾക്ക് ഒപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ഇന്നലെയാണ് ജെ പി നദ്ദ കോട്ടയത്ത്‌ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക് പോയത്.

Leave A Reply