Roal

‘ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്’; ജിതിനെ സംരക്ഷിക്കുമെന്ന് സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്റർ അക്രമ കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണിത്. വെറുതെ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാന്‍ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകള്‍ക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓര്‍ക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.

എകെജി സെന്ററിന് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണൊയിരുന്നു കെ സുധാകരന്‍ നേരത്തെ പറഞ്ഞത്. പോലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ചോക്കലേറ്റില്‍ മായം കലര്‍ത്തി മയക്കിയാണ് പലതും പറയിപ്പിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

Leave A Reply