Roal

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ

പോപ്പുലര്‍ ഫ്രണ്ട്  ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു . മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്‍റെ ലംഘനമാണ് ഇന്നലെ നടന്നത്. കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും.

അക്രമം തടയാന്‍ അടിയന്തരനടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്  പുറപ്പെടുവിച്ചത്. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചും, വ്യാപക അക്രമം നടത്തിയുമുള്ള ഹര്‍ത്താല്‍ ഒരുകാരണവശാലും അംഗീകരിക്കനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഹര്‍ത്താലിലെ നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാര്‍ അറിയിക്കണം. ഈ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനുള്ള നടപടി എടുക്കുമെന്നും കോടതി പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റെ ഉന്നതതലത്തിലുണ്ടായത് 2 മാസം മുൻപാണ്. അതിനുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചു.

സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ 3 ആഴ്ച നിരീക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ പരിശോധന തുടങ്ങിയത്. അറസ്റ്റിലായവർക്ക് ഉടൻ ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ എൻഐഎ ശ്രമിക്കും. ജാമ്യം കിട്ടിയാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

2006-ൽ കേരളത്തിൽ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡൽഹിയിലാണ്. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നാണ് പി.എഫ്.ഐ. അവകാശപ്പെടുന്നത്.

എന്നാലിവരുടെ പ്രവർത്തനം താലിബാൻ മാതൃകയിലാണന്നാണ് എൻഐഎ പറയുന്നത് . താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി . കൂടുതൽ പേരെ അറസ്റ്റു ചെയ്യും .

റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചതും കേരള പൊലീസിലും മറ്റും ചാരന്മാർ ഉണ്ടെന്ന തിരിച്ചറിവിലാണ്.ദേശീയ അന്വേഷണ ഏജൻസികളായ എൻഐഎ, ഐബി, സംസ്ഥാന പൊലീസ് , എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണു പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്. നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു.

കൊച്ചി എൻഐഎ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ആസൂത്രണം. 3 ദിവസം മുൻപ് എൻഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു. കോടതികൾക്കും എൻഐഎ ഓഫിസിനും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ 15 നേതാക്കളെയാണ് അന്വേഷണ സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഇവരുടെ പ്രവർത്തനരീതികൾ മാസങ്ങളായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രപ്രദേശിലും പിടിക്കപ്പെട്ടവരുടെ മൊഴികളും നടപടിക്ക് കാരണമായി.

റെയ്ഡ് നടന്ന 12 ഇടങ്ങളിൽ ശക്തമായ പ്രതിഷേധം എൻഐഎ കണക്കുകൂട്ടിയിരുന്നു. ഈ സ്ഥലങ്ങളിലെ ജില്ലാ പൊലീസ് മേധാവികളെ തലേ ദിവസം രാത്രിയാണ് വിവരം ധരിപ്പിച്ചത് . കേരള പൊലീസിന്റെ ഉന്നത തലത്തിലും അറിയിപ്പെത്തി.

രാജ്യത്ത് നടന്ന ചില കൊലപാതകങ്ങളിൽ പിഎഫ്‌ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും.പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം അതിൽ ഉൾപ്പെടുത്തും. അതിന് ശേഷം സംഘടനയെ നിരോധിക്കാനുള്ള നീക്കവും സജീവമാക്കും. എത്രയും വേഗം സംഘടനാ നിരോധിക്കാനാണ് നീക്കം നടക്കുന്നത് .

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധമാണ്.

പി.എഫ്.ഐ. നേതാക്കൾക്കെതിരേ രണ്ടു കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസാണ് മറ്റൊന്ന്.

അബ്ദുൾ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല  പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം.

പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുൾ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാന വ്യക്തിയാണെന്നും എൻ ഐ എ  ആരോപിക്കുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഹത്രാസ് സംഭവത്തിനുപിന്നാലെ വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാർത്ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു.

കേരളത്തിൽ ബിജെപി ചില സംഘടനാ ഇടപെടലുകൾ നടത്തിയിരുന്നു. ബിജെപിയുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറിനെ നിയോഗിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയതും വിശാല ചർച്ചകൾക്ക് ശേഷമാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജിപി നഡ്ഡയും കേരളത്തിലേക്ക് വരുന്നതിന് തൊട്ടു മുമ്പാണ് റെയ്ഡുകൾ നടന്നതെന്ന് ഓർക്കണം .

രാഷ്ട്രീയമായി ബിജെപിക്ക് ഇത് എങ്ങനെ ഗുണകരമാക്കാമെന്ന് വരും ദിനങ്ങളിൽ ചർച്ചയാകും.
കേരളത്തിലേക്ക് ബിജെപി ചില ലക്ഷ്യങ്ങൾ വയ്ക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ നടപടികളെന്ന വാദവും ശക്തമാണ്.

ബിജെപിയെ കേരളത്തിൽ വളർത്തുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്നാണ് സൂചന. ഗവർണ്ണർ-സർക്കാർ പോര് പുതിയ തലത്തിലെത്തുമ്പോഴാണ് കേന്ദ്ര ഏജൻസി കേരളത്തിൽ ഇടപെടൽ നടത്തുന്നത്. കേരളത്തിലും ഓപ്പറേഷനുകൾക്ക് കേന്ദ്ര ഏജൻസികൾക്ക് കഴിയുമെന്നതിന്റെ തെളിവ് കൂടിയാണിത് സൂചിപ്പിക്കുന്നത് .

 

https://www.youtube.com/watch?v=6bkHQBzKpcA

 

 

 

Leave A Reply