അലക്സ് നഗർ പാലം നിർമ്മാണം ഉടൻ പുനരാഭിക്കും

 

കാഞ്ഞിലേരി-അലക്‌സ് നഗര്‍ പാലത്തിന്റ റീടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായി. റീ ടെൻഡറിൽ കെ.കെ ബില്‍ഡേഴ്സാണ് നിർമാണ ചുമതല ഏറ്റെടുത്തത്. 10.10 കോടി രൂപയാണ് നേരത്തെ പാലത്തിന്റെ നിര്‍മാണത്തിന് വകയിരുത്തിയത്. ഇതില്‍ ഐച്ചേരി-അലക്‌സ് നഗര്‍ റോഡ് നിര്‍മാണവും ഉള്‍പ്പെടും. പുതിയ ടെൻഡറിൽ റോഡ് നിര്‍മാണം ഒഴിവാക്കി 5.84 കോടി രൂപയാണ് വകയിരുത്തിയതെന്ന് സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

2017ല്‍ കരാറുകാരന്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പാലത്തിന്റെ 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ എം.എൽ.എ മുൻകൈയെടുത്ത് കരാറുകാരനെ നീക്കിയിരുന്നു. തുടർന്നാണ് റീ ടെൻഡർ ചെയ്യാൻ തീരുമാനിച്ചത്.
അഞ്ചുവർഷം മുമ്പ് നിർമാണം തുടങ്ങിയ ഈ പാലം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലത്തിന്റെ ആറ് തൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്.

നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിച്ചു. പല ഭാഗങ്ങളിലും കാടുകയറി. 113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കും.

Leave A Reply