കടന്നൽകൂട് നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു

ആറ്റിങ്ങൽ: നാട്ടുകാർക്ക് ഭീഷണിയായ കടന്നൽകൂട് നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് വാർഡിൽ പണയിൽ കോളനി, കുഞ്ചൻവിളാകം എന്നീ ജനവാസ പ്രദേശത്താണ് കുറച്ചുനാളായി കടന്നൽ ഭീഷണി ഉയർത്തിയിരുന്നത്.

ആളൊഴിഞ്ഞ പ്രദേശത്തെ പിഴുതുകിടക്കുന്ന തെങ്ങിൻചുവട്ടിലായിരുന്നു കൂറ്റൻ കൂട്. രണ്ടാഴ്ച മുമ്പ് പ്രദേശത്തെ കുഞ്ചൻവിളാകത്ത് വീട്ടിൽ ബേബി അമ്മക്ക് (80) കടന്നലിന്റെ കുത്തേറ്റിരുന്നു. വാർഡ് കൗൺസിലർ കെ.ജെ. രവികുമാറിന്റെ നേതൃത്വത്തിൽ ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡ‌ിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിനെത്തുടർന്നാണ് കന്നൽകൂട് എവിടെ എന്ന അന്വേഷണം നാട്ടുകാർ ആരംഭിച്ചത്. കഴിഞ്ഞദിവസമാണ് കൂട് കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽ ഇത് വലുതായിക്കൊണ്ടിരുന്നു.

ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും കടന്നലുകളെ പിടിക്കാൻ അധികാരമില്ലെന്നായിരുന്നു മറുപടി. എന്നാൽ അവർതന്നെ കടന്നലിനെ പിടികൂടുന്ന കിരൺ കൊല്ലമ്പുഴയുടെ പേര് നൽകി. കിരൺ പകൽ സമയത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ച് രാത്രി കടന്നൽ കൂട് നശിപ്പിച്ചു.

ആയിരത്തിലധികം കടന്നലും അത്രയുംതന്നെ മുട്ടയുമാണ് നശിപ്പിച്ചത്. കടന്നലുകളെ നശിപ്പിക്കുന്ന സമയം കിരണിന് ചെറിയരീതിയിൽ പെള്ളലേറ്റിരുന്നു.

Leave A Reply