Roal

ഹർത്താൽ ആരംഭിച്ചു; ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങൾക്ക് നേരെ കല്ലേറ്

ആലപ്പുഴ: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞു. രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ശേഷം ബൈക്കിൽ രക്ഷപെട്ടു. പോലിസിൻ്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്.

കൂടാതെ കോഴിക്കോട് ഫറോക് സ്റ്റേഷൻ പരിധിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബസിലുണ്ടായിരുന്ന ആർക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ ബാംഗ്ളൂർ ബസിനു നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു.

കൊയിലാണ്ടി ആനക്കുളത്ത് ലോറിക്ക് നേരെയും അക്രമം നടന്നു. ഇന്ന് പുലർച്ചെ 3.50 നാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകർന്നു. കോഴിക്കോട് കല്ലായിയിലും വാഹനത്തിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. പോലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും കല്ലെറിഞ്ഞവരെ പിടികൂടാൻ പറ്റിയില്ല.

Leave A Reply