Roal

ഗവർണ്ണർ വഴങ്ങി ; വിസി നിയമന സെർച്ച്‌ കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയെ നൽകാൻ നിർദേശം

കേരള സർവകലാശാലയ്‌ക്ക്‌ പുതിയ വൈസ്‌ ചാൻസലറെ തെരഞ്ഞെടുക്കാൻ രണ്ടംഗ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച നിലപാടിൽനിന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മലക്കംമറിഞ്ഞു  . സർവകലാശാല പ്രതിനിധിയില്ലാതെ സെർച്ച്‌ കമ്മിറ്റി  രൂപീകരിച്ച്‌ ഉത്തരവിറക്കിയ ഗവർണർ സർവകലാശാല പ്രതിനിധിയെ ഒരാഴ്‌ചയ്‌ക്കകം തീരുമാനിച്ച്‌ അറിയിക്കാൻ വിസി വി പി മഹാദേവൻപിള്ളയ്‌ക്ക്‌ കത്ത്‌ നൽകി.

സർവകലാശാല, യുജിസി, ഗവർണർ പ്രതിനിധികൾ അടങ്ങുന്ന മൂന്നംഗ സെർച്ച്‌ കമ്മിറ്റിയെ നിശ്‌ചയിക്കേണ്ടതിനു പകരം രണ്ടംഗ സമിതിയെ നിശ്‌ചയിച്ച്‌ ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. രൂപീകരിക്കപ്പെട്ട സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നുമില്ല.

തുടർന്ന്‌, സെനറ്റ്‌ ചേർന്ന്‌ ഗവർണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കി. അപൂർണമായ സെർച്ച്‌ കമ്മിറ്റി ഉത്തരവ്‌ റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കണമെന്ന്  ആവശ്യപ്പെട്ടു. സെനറ്റിന്റെ ആവശ്യത്തിന്‌ മറുപടി നൽകാതെയാണ്‌ ഒരാഴ്‌ചയ്‌ക്കകം പ്രതിനിധിയെ നിശ്‌ചയിച്ചറിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഗവർണറുടെ പുതിയ ആവശ്യത്തിൽ സർവകലാശാല നിയമോപദേശം തേടി. ഒക്ടോബർ 25ന്‌  നിലവിലെ വിസിയുടെ  കാലാവധി തീരും. വിസി തെരഞ്ഞെടുപ്പിലുള്ള സെർച്ച്‌ കമ്മിറ്റി അംഗസംഖ്യ വർധിപ്പിച്ച നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതിരുന്നാണ്‌ തിടുക്കപ്പെട്ട്‌ മുൻ നിലപാട്‌ മാറ്റി സർവകലാശാല പ്രതിനിധിയെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടത്‌.

അതേസമയം നിയമസഭ പാസാക്കിയ 5 ബില്ലുകള്‍ ഗവർണർ ഒപ്പിട്ടു . കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ഭേദഗതി, പി എസ് സി കമ്മീഷൻ ഭേദഗതി, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്, ധന ഉത്തരവാദിത്വ ബിൽ എന്നിവയാണ് ഒപ്പ് വച്ചത്.

ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി അടക്കം 12 ബില്ലുകളാണ് കഴിഞ്ഞ നിയമസഭ പാസ്സാക്കിയത്.  അതിൽ 11 എണ്ണമാണ് ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നത്. അതിലാണ് അഞ്ചെണ്ണം ഒപ്പിട്ട് അയച്ചത് .

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത്‌ അനന്തമായി നീട്ടാൻ ഗവർണർക്കാകില്ല. അത്‌ നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാകും. ബില്ലുകൾ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ലെന്നിരിക്കെ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ  തുടർനടപടി നിർണായകമാകുമെന്നാണ്‌ നിയമ വിദഗ്ദർ നൽകുന്ന സൂചന. ഭരണഘടന പ്രകാരം ബില്ലിന്മേൽ പൊതുവായി ഗവർണർമാർ സ്വീകരിച്ചുവരുന്ന നടപടിയേ ഇവിടെയും എടുക്കാനാകൂ.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക്‌ ഭരണഘടന പ്രകാരം ചെയ്യാവുന്നത് മൂന്നു കാര്യമാണ്‌; ഒപ്പിട്ട് അംഗീകാരം നൽകുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക്‌ വിടുക,  ഒപ്പിടാതെ തിരിച്ചയക്കുക. തിരിച്ചയക്കപ്പെടുന്നവ അതേപടി വീണ്ടും നിയമസഭ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണെന്ന്‌ ഭരണഘടന അനുച്ഛേദം 200 ൽ വ്യക്തമാക്കുന്നു.

തുടർച്ചയായി ഓർഡിനൻസുകൾ ഒപ്പിടാൻ കഴിയില്ലെന്നും ബിൽ പാസാക്കണമെന്നും പറഞ്ഞ്‌ ഓർഡിനൻസുകൾ തിരിച്ചയച്ച്‌ കോലാഹലമുണ്ടാക്കിയത്‌ ഗവർണറാണ്‌. തുടർന്നാണ്‌ നിയമസഭ ചേർന്ന്‌ ബില്ലുകൾ പാസാക്കിയത്‌.

നിയമസഭ പാസാക്കിയ ബില്ലുകളുടെ ഉള്ളടക്കം സംബന്ധിച്ച്‌ വകുപ്പ്‌ മന്ത്രിമാരോ സെക്രട്ടറിമാരോ രാജ്‌ഭവനിൽ വന്ന്‌ വിശദീകരണം നൽകിയാലേ ഒപ്പിടാനാകൂവെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ഇന്നലെയും പറഞ്ഞിരുന്നു . ഏതെങ്കിലും പ്രത്യേക ബിൽ എന്നല്ല, എല്ലാ ബിൽ സംബന്ധിച്ചും ‘ ബ്രീഫ്‌ ’ ചെയ്യണം. ഇക്കാര്യം നേരത്തേ ചീഫ്‌ സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും രാജ്‌ഭവൻ വൃത്തങ്ങൾ അറിയിച്ചു.

Video Link

https://youtu.be/QkeeLwrh-yo

Leave A Reply