Roal

ഒരിക്കൽ നിയമ സഭ പാസ്സാക്കിയ ബിൽ പിൻവലിക്കണമെങ്കിൽ പിൻവലിക്കൽ ബിൽ കൊണ്ടുവന്ന് പാസ്സാക്കണം

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതു സംബന്ധിച്ച ഗവര്‍ണറുടെ അധികാര വിനിയോഗത്തിലെ ന്യൂനതകള്‍ കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയില്ലെന്നു ഭരണഘടനാ വിദഗ്ദർ പറയുന്നു . ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ ഗവര്‍ണര്‍ക്കെതിരേ നിയമപരമായി നീങ്ങാനുള്ള സര്‍ക്കാരിന്റെ പരിമിതിയാണ്‌ ഇതു വ്യക്‌തമാക്കുന്നത്‌. ഭരണഘടനയുടെ 212-ാം അനുച്‌ഛേദമാണ്‌ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ ആയുധം .

ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ കീഴ്‌വഴക്കങ്ങള്‍ക്കു പിന്നാലെ ഗവര്‍ണര്‍ പോകുമോയെന്നു വ്യക്‌തമല്ല. നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിച്ചിരിക്കുന്ന പതിനൊന്ന്‌ ബില്ലുകളില്‍ ലോകായുക്‌ത ഭേദഗതി, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവർണ്ണറുടെ വാശി .

ബില്ലുകള്‍ അംഗീകാരത്തിനു സമര്‍പ്പിക്കുമ്പോള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ നാലു വഴികളാണുള്ളത്‌. ബില്ലിന്‌ അംഗീകാരം നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാം. അതല്ലെങ്കില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു റഫര്‍ ചെയ്യാം. നാലാമത്തെ മാര്‍ഗം അല്‍പം വ്യത്യസ്‌തമാണ്‌. ബില്‍ അംഗീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യാതെ നിയമസഭയിലേക്കുതന്നെ പുനഃപരിശോധനയ്‌ക്കായി നിര്‍ദേശങ്ങള്‍ സഹിതം തിരിച്ചയയ്‌ക്കാം.

നിര്‍ദേശംവയ്‌ക്കാതെയും തിരിച്ചയയ്‌ക്കാന്‍ ഗവര്‍ണര്‍ക്കു കഴിയും. ആ ബില്‍ വീണ്ടും നിയമസഭ പാസ്സാക്കി  ഗവര്‍ണറുടെ അനുമതിക്കായി നല്‍കുന്നപക്ഷം അനുമതി നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്‌ഥനാണെന്നും ഭരണഘടന വ്യക്‌തമാക്കുന്നു.

ഏതെല്ലാം സാഹചര്യങ്ങളില്‍ ബില്ലിന്‌ അംഗീകാരം നല്‍കാമെന്നോ നിരാകരിക്കാമെന്നോ ഭരണഘടന വ്യക്‌തമാക്കുന്നില്ലെന്നു ഭരണഘടനാ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു . ബില്ല്‌ പുനഃപരിശോധനയ്‌ക്കു തിരിച്ചയയ്‌ക്കുകയാണെങ്കില്‍ അത്‌ എത്രയും പെട്ടെന്നു ചെയ്യണമെന്നു മാത്രമേ ഭരണഘടന നിർദ്ദേശിക്കുന്നുള്ളു.

എത്ര സമയത്തിനകം തീരുമാനം അറിയിക്കണമെന്ന്‌ ഭരണഘടന പറയുന്നില്ല. രാഷ്ട്രപതിയുടെ പ്രതിനിധിയാണെങ്കിലും കേന്ദ്ര സർക്കാരിന്റെ നോമിനിയായ ഗവര്‍ണര്‍ ഭരണഘടനാ അധികാരമാണ്‌ വിനിയോഗിക്കുന്നത്‌. ഭരണഘടനാ ലംഘനമില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഗവര്‍ണര്‍ പ്രതിജ്‌ഞാബദ്ധനാണ്‌. ഒരു സാഹചര്യത്തിലും ഗവര്‍ണറെ നീക്കം ചെയ്യാന്‍ നിയമസഭയ്‌ക്ക്‌ അധികാരമില്ലെന്നതും ശ്രദ്ധേയമാണ്‌.

രാഷ്‌ട്രപതിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരാമെങ്കിലും കേന്ദ്രമന്ത്രിസഭയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണറെ തൊടാനാവില്ല. ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണറുടെ അതൃപ്‌തി എങ്ങനെ പ്രതിഫലിക്കും എന്നത്‌ വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണേണ്ടിവരും. കീഴ്‌വഴക്കങ്ങളാണ്‌ ഗവര്‍ണറുടെ വിവേചനാധികാര വിനിയോഗത്തെ സ്വാധിനിക്കുന്ന മുഖ്യഘടകമെന്നും ഡോ. പോളി മുരിക്കന്‍ ചൂണ്ടിക്കാട്ടി.

അങ്ങനെയാണെങ്കിൽ സർക്കാർ ഗവർണ്ണർക്ക് വഴങ്ങേണ്ടി വരും . ലോകായുക്‌ത ഭേദഗതി, സര്‍വകലാശാല നിയമഭേദഗതി ബില്ലുകൾ പിൻവലിക്കാൻ സർക്കാർ നിയമസഭയിൽ ബിൽ കൊണ്ടുവരേണ്ടി വരും . കാരണം ഒരിക്കൽ നിയമ സഭ പാസ്സാക്കിയ ബിൽ പിൻവലിക്കണമെങ്കിൽ അതിന് പിൻവലിക്കൽ ബിൽ കൊണ്ടുവന്ന് പാസ്സാക്കണം .

ഉദാഹരണത്തിന് കാർഷിക ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചത് എങ്ങനെയാ ? ലോക് സഭ യിൽ പിൻവലിക്കൽ ബിൽ കൊണ്ടുവന്ന് പാസ്സാക്കിയല്ലേ . അതുപോലെയാണ് നിയമസഭകളിലും . ഏതായാലും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചേ സർക്കാർ ഇനി ഒരടി മുന്നോട്ട് വയ്ക്കൂ .

ഈ ബില്ലുകൾ നിയമസഭയിൽ പാസ്സാക്കുന്നതിന് മുൻപ് സർക്കാർ രാജ്ഭവനുമായി ബന്ധപ്പെട്ട് ഉറപ്പിക്കണമായിരുന്നു . മാത്രമല്ല നിയമ വകുപ്പ് അക്കാര്യത്തിൽ ജാഗ്രത പുലർത്തണമായിരുന്നു .

 

 

 

Leave A Reply