Roal

ആർത്തവം അറുപതുകളിൽ; വേറിട്ട ചർച്ചയ്ക്ക് വേദിയായി കൊച്ചി മെട്രോ

എറണാകുളം: ആർത്തവം, മെൻസ്ട്രുവൽ കപ്പ്, വ്യക്തിശുചിത്വം തുടങ്ങി പൊതുവെ പറയാൻ മടിക്കുന്ന വാക്കുകളെ പറ്റിയുളള ചർച്ചാ വേദിയായിരുന്നു വ്യാഴാഴ്ച കൊച്ചി മെട്രോ ട്രെയിൻ. ആർത്തവവും അറുപതും എന്ന വിഷയത്തിലായിരുന്നു ഓടുന്ന മെട്രോ ട്രെയിനിൽ വേറിട്ട ചർച്ചയ്ക്ക് വേദി ഒരുങ്ങിയത്. ഹൈബി ഈഡൻ എം.പി മുൻകൈയെടുത്ത് നടത്തുന്ന കപ്പ് ഓഫ് ലൈഫ് ക്യാംപയിനിന്റെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്.

ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗത്തിന് കൂടുതൽ പ്രചാരണം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. പുരുഷന്മാർക്കാണ് ഇത്തരം വിഷയങ്ങളിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമുള്ളതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. അത് സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ആർത്തവമെന്നത് മറച്ചു വയ്ക്കേണ്ട മോശം കാര്യമല്ലെന്നും അതിനെ കുറിച്ച് എല്ലാവരും തുറന്നു സംസാരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാനിറ്ററി നാപ്കിനുകൾക്ക് പകരം വർഷങ്ങളോളം ഉപയോഗിക്കാവുന്ന കപ്പുകളിലേക്ക് മാറുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിന് പുറമേ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുണ്ടാക്കുന്ന സാമ്പത്തിക ലാഭം വലുതാണ്. ജോലിക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് മെൻസ്ട്രുവൽ കപ്പുകൾ. അതേസമയം ഡോക്ടർമാരും പ്രൊഫഷണലുകളും അടക്കമുള്ള വലിയൊരു വിഭാഗം ഇനിയും മടിച്ചു നിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ കോളേജ് വിദ്യാർത്ഥികൾ ഇതിനായി മുന്നോട്ട് വരുന്നുണ്ടെന്നും പാനലിസ്റ്റുകൾ പറഞ്ഞു.
അമ്മമാരാണ് പൊതുവെ മെൻസ്ട്രുവൽ കപ്പിനെ ആശങ്കയോടെ കാണുന്നതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. മാറ്റം കൊണ്ടുവരണമെങ്കിൽ 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണം. അതിനായി ആർത്തവം സംബന്ധിച്ച കാര്യങ്ങൾ വീടുകളിൽ സംസാരിക്കാൻ കഴിയണം. സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഒരുമിച്ച് പ്രവർത്തിച്ചാൽ ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയുമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
സെന്റ്.തെരേസാസ് കോളേജ് ഡീൻ ഡോ. നിർമല പത്മനാഭൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലൻ പ്രതിനിധി ഷഹീന നിസാർ, ഡബ്ള്യു.ഐ.സി.സി.ഐ പ്രതിനിധി ഷന സൂസൻ, ഡെന്റൽ ഡോക്ടർ അഷ്‌ന ഹനീഷ്, അഡ്വ. ടാനിയ ജോയ്, യുവ സംരംഭക നൗറീൻ ഐഷ, ഐ.എം.എ കൊച്ചിൻ പ്രസിഡന്റ് ഡോ. മേരി അനിത, ഡോ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ സേവ്യർ മാനുവൽ എന്നിവർ ചർച്ചയിൽ പങ്കാളികളായി. മാധ്യമ പ്രവർത്തക ശ്രീജ ശ്യാം ചർച്ച നിയന്ത്രിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആലുവയിൽ നിന്ന് പേട്ടയിലേക്ക് പുറപ്പെട്ട മെട്രോ ട്രെയിനിന്റെ അവസാന കോച്ചിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്. വളണ്ടിയർമാർ പ്ലക്കാർഡുകൾ ഉയർത്തി മറ്റു കോച്ചുകളിലെ യാത്രക്കാർക്ക് ബോധവൽക്കരണം നടത്തി. മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പരമാവധി പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി ശാഖ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ ഫണ്ടിൽ നിന്ന് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
Leave A Reply