Roal

കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.ബൈക്ക് യാത്രികനായ കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീര്‍ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കി (26) നെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

കര്‍ണാടകത്തില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ഇടിച്ച ഉടന്‍ കാറിന്റെ ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു.

അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തില്‍ നിന്നും ഇറങ്ങിയതിനാല്‍ കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന്‍ രക്ഷപ്പെട്ടു. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് ഷംഷീര്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ഷംഷിറിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave A Reply