Roal

ശ്രീകൃഷ്ണ സങ്കൽപ്പങ്ങളിലെ നന്മയും നീതിബോധവും

ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ അഡ്വ .ജിതേഷ്‌ജി ഇന്നലെ  വൈകുന്നേരം 4  മണിക്ക് പത്തനംതിട്ട സെൻട്രൽ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌തു കൊണ്ട്  ശ്രീകൃഷ്ണ ജയന്തി  ആഘോഷപരിപാടിയുടെ  ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു . പത്തനംതിട്ടയെ വർണ്ണാഭമാക്കിയ  ആഘോഷച്ചടങ്ങിൽ വിശ്വാസികളുടെ നീണ്ടനിര തന്നെയാണ് കാണപ്പെട്ടത് .

ശ്രീകൃഷ്ണ സങ്കൽപ്പങ്ങളിലെ നന്മയും നീതിബോധവും ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ ആശംസിച്ചു കൊണ്ടാണ്  അഡ്വ .ജിതേഷ്‌ജി  ആഘോഷച്ചടങ്ങിൽ പതാക ഉയർത്തിയത് .

ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ട്മിയും രോഹിണിയും ചേർന്ന ദിവസം അർദ്ധരാത്രിയിലാണ്  മഥുര യിലെ  രാജകുടുംബത്തിൽ വാസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ശ്രീകൃഷ്‌ണൻ ജനിക്കുന്നത് .
ദേവകിയുടെ അധികാരമോഹിയായ സഹോദരൻ കംസൻ ദേവകിയെയും ഭർത്താവ് വാസുദേവരേയും തടവിലാക്കി . എന്നാൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കംസനെ വല്ലാതെ ഭയചികിതനാക്കി .
കൃഷ്‌ണൻ ജനിച്ച ഉടനെ വാസുദേവർ  അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അരികിലേയ്ക്ക് കുട്ടിയെ മാറ്റി .

ശ്രീകൃഷ്‌ണൻ കളിച്ചുവളർന്നത് അമ്പാടിയിലാണ് .അതിനാൽ ജന്മാഷ്ടമി കൃഷ്‌ണന്റെ  ജനനം മാത്രമല്ല കംസനെതിരായുള്ള വിജയവും കൂടിയാണ് അടയാളപ്പെടുത്തുന്നത് . തിന്മക്കെതിരെയുള്ള നന്മയുടെ സുദിനം കൂടിയാണ് ഓരോ ജന്മാഷ്ടമിയും എന്ന ഓർമ്മപ്പെടുത്തലോടെയുമായിരുന്നു  ശോഭാ യാത്രയുടെ ശുഭാരംഭം .

ഞാൻ ഓർക്കുകയായിരുന്നു. ഇത്രയും പ്രശ്നങ്ങൾ നേരിട്ട മറ്റൊരാൾ ഉണ്ടോ എന്ന ചോദ്യവുമായി ജിതേഷ്‌ജി തുടർന്നു ……
“ദേവകീ സുത ഗോവിന്ദ വാസുദേവ ജഗത് പതേ
ദേഹിമേ തനയം കൃഷ്ണ ത്വാ മഹം ശരണം ഗത: ”
ജനിക്കുന്നതിനു മുമ്പ് തന്നെ  ഒരുപാടുപേരുടെ ശത്രുവായ   ഒരാൾ..

അച്ഛനമ്മമാരുടെ വിവാഹ ദിവസം തന്നെ , തന്റെ ജനനത്തെ ഓർത്ത് അവരുടെ സമാധാനം കെടുത്തിയ ഒരാൾ..

ആറു സഹോദരങ്ങളുടെയും വിയോഗത്തിന് കാരണക്കാരനായ ആൾ..

ജനിച്ചതോ ഒരു പാട് അപവാദങ്ങളും പേറി.

ജനിച്ച സമയവും സാഹചര്യവും  നോക്കിയാലോ… ജ്യോതിഷ ശാസ്ത്ര പ്രകാരം എട്ട് ഒട്ടും ശുഭമല്ലാത്ത സംഖ്യയാണ്.  ജനനം അഷ്ടമി ദിവസം, അതും എട്ടാമത്തെ പുത്രനായിട്ട്.

ജനിച്ചതോ.. കാരാഗൃഹത്തിൽ.

ജനിച്ച ഉടനെ പെറ്റമ്മയുടെ അടുത്തുനിന്നു മാറ്റപ്പെട്ടു. അതും വര്ഷങ്ങളോളം. ഒരു കുഞ്ഞിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത.

ലാളനകൾ ഏറ്റു വാങ്ങേണ്ട പ്രായത്തിൽ കൊല്ലാൻ വന്നത് ഒന്നല്ല , അനേകം പേർ.

ടീനേജ്  ആയപ്പൊളേക്കും ,പ്രേമിച്ച പെണ്ണിനോട് ഒറ്റ ദിവസം കൊണ്ട് ഗുഡ് ബൈ പറഞ്ഞു നാട് വിട്ടു പോകേണ്ടി വന്നു. അതും ഇനി ഒരിക്കലും കാണില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ.

അമ്മാവനെ കൊന്നവൻ എന്ന അപഖ്യാതി വേറെ.

അതിനിടയിൽ.. മനസ്സാ വാചാ അറിയാതെ ..സ്യമന്തകം കട്ട  കള്ളൻ എന്ന പേരും വീണു.

രാജാവിന്റെ തടവറയിൽ നിന്ന് മോചിപ്പിച്ച  പതിനാറായിരത്തെട്ടു സ്ത്രീകളെ സമൂഹം പുറംതള്ളിയപ്പോൾ , അവരെ രാഞ്ജിമാരുടെ പദവി നൽകി ഏറ്റവും വലിയ നവോത്‌ഥാന  മാതൃക കാണിച്ചതിന്, പെണ്ണുപിടിയൻ എന്ന് കേൾക്കേണ്ടി വന്നവൻ .

താൻ ജനിച്ച  യാദവ കുലം മുഴുവൻ തമ്മിൽ തല്ലി നശിക്കുന്നത് കാണേണ്ടി വന്നവൻ

ഇടയ്ക്കു ദ്വാരകയിൽ പോയി ഒളിച്ചു താമസിക്കേണ്ടതായും വന്നു.

ഇതൊക്കെ ആയിട്ടും.. ഒരു തുള്ളി കണ്ണുനീർ മനോഹരമായ ആ കണ്ണുകളിൽ നിന്ന് വീണതായി ഭാഗവതം പറയുന്നില്ല. ( ആകെ കണ്ണ് നിറഞ്ഞതായി പറയുന്നത് കുചേലനെ കണ്ടപ്പോളാണ്. അതും സന്തോഷാശ്രുക്കൾ  ആണെന്ന് വേണം അനുമാനിക്കാൻ ). കരഞ്ഞില്ലെന്നു മാത്രമല്ല.. ഒരിക്കൽ പോലും  മൂഡ് ഓഫ് ആയതായും … കൺഫ്യൂസ്ഡ് ആയതായും….  പറയുന്നില്ല.

ഒടുവിൽ ആലിൻകൊമ്പിൽ കിടന്ന്, കാട്ടാളന്റെ അമ്പേറ്റ്‌ വിടപറയുമ്പോളും ആ മുഖത്തു പുഞ്ചിരി  ആയിരുന്നു.

ഇത്രയും നെഗറ്റിവിറ്റികളിൽ ജനിച്ച് സമാനതകളില്ലാത്ത പ്രശ്നങ്ങളെയും  പ്രതിസന്ധികളെയും  ധീരതയോടെയും പുഞ്ചിരിയോടെയും നേരിട്ട്, ആസ്വാദ്യകരമായ ജീവിതം നയിച്ച്.. ഇങ്ങനെ വേണം ജീവിക്കാൻ എന്ന് കാണിച്ചു തന്ന കണ്ണന്റെ മുമ്പിൽ ഇതിന്റെ പകുതി പ്രശ്നങ്ങൾ പോലും ഇല്ലാത്ത നമ്മൾ  ചെന്ന് നിന്ന് കരയുമ്പോൾ..എന്തായിരിക്കും കണ്ണന്റെ മനസ്സിൽ തോന്നുന്ന വികാരം.?

എനിക്ക് തോന്നുന്ന ഉത്തരം ഇതാണ് – ആ വിഗ്രഹത്തിനു ചലനശേഷി ഉണ്ടായിരുന്നെങ്കിൽ ഇറങ്ങി വന്നു കരണത്ത് ഒന്ന് തന്നേനെ.
ഒപ്പം ചോദിച്ചേനെ.. ഞാൻ ജീവിച്ചു കാണിച്ചു തന്നു, പോരാത്തതിത് സംസ്കൃതത്തിലും.. അത് മനസ്സിലാകാത്തവർക്ക്  മലയാളത്തിലും എഴുതി വെപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും ഇവിടെ വന്ന് മോങ്ങുകയാണോ?. എന്താ ഇത്?

അതുകൊണ്ട് നമുക്കും ജീവിക്കാം കണ്ണനെ പോലെ.

പ്രശ്നങ്ങളിൽ തളരാതെ..

പ്രതിസന്ധികളിൽ പതറാതെ ..

പുഞ്ചിരിയോടെ.

 

Leave A Reply