Roal

ഗാന്ധി ചിത്രം തകർത്ത സംഭവം: അറസ്റ്റിലായവരിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്

വയനാട്:  കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ അറസ്റ്റിലായവരിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്.

എം പിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.

രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ്  ചോദ്യം ചെയ്യലിനു ശേഷം ഇന്ന്  അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

അതേസമയം കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്  നേരത്തെ പുറത്തുവന്നിരുന്നു. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയായിരുന്നു എസ്പി റിപ്പോർട്ട് തയാറാക്കിയത്.

തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എംപി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ആരോപണം.

എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായത്.

Leave A Reply