Roal

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിതീകരിച്ച് ഗൗതം ഗംഭീര്‍

ദില്ലി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിതീകരിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ‘സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുമെന്ന കാര്യം അറിയിക്കുകയാണ്. വീണ്ടും മൈതാനത്ത് എത്തുന്നതിന്റെ ആകാംക്ഷയുണ്ട്. ഇതിഹാസ താരങ്ങള്‍ക്കും കളിക്കാനാകുന്നത് വലിയ അഭിമാനവും സന്തോഷവുമാണ്’ എന്നും ഗൗതം ഗംഭീര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഗംഭീറിന്റെ വരവ് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ രമന്‍ രഹീജ സ്വാഗതം ചെയ്തു. 2011 ഏകദിന ലോകകപ്പിലെ ഗംഭീറിന്റെ മാച്ച് വിന്നിംഗ് 97 റണ്‍സ് ആര്‍ക്കാണ് മറക്കാനാവുക. അതേ ത്രില്ലര്‍ പ്രകടനം വീണ്ടും ഗംഭീറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും രഹീജ വ്യക്തമാക്കി.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍. ടീം ഇന്ത്യയെ 58 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 37 ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട് ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ 4154ഉം ഏകദിനത്തില്‍ 5238ഉം രാജ്യാന്തര ടി20യില്‍ 932ഉം റണ്‍സ് നേടി. 2011ല്‍ ഏകദിന ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഗംഭീറിന്റെ 97 റണ്‍സായിരുന്നു നിര്‍ണായകം. ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ 4218 റണ്‍സും ഗംഭീര്‍ പേരിലാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012ലും 2014ലും കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ വിഖ്യത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രത്യേക മത്സരത്തോടെയാണ് രണ്ടാം എഡിഷന് തുടക്കമാകുന്നത്. 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശന മത്സരമാണിത്. മത്സരത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്റ്സിനേയും നയിക്കും. ഇതിഹാസ താരങ്ങളുടെ വമ്പന്‍ നിര ഇരു ടീമിലുമായി അണിനിരക്കും. സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്ടോബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്.

 

 

Leave A Reply