Roal

സംസ്ഥാനത്ത് വീട്ടിലെത്തി 10 ലക്ഷത്തിലധികം പേരെ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു .ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ പദ്ധതിയുടെ ഭാഗമായാണ് സ്‌ക്രീനിംഗ് നടത്തിയത്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഇത്രയും പേരെ സ്‌ക്രീനിംഗിന് വിധേയമാക്കാന്‍ കഴിഞ്ഞത്.ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുക, വരാന്‍ സാധ്യതയുള്ളവര്‍ക്ക് രോഗ പ്രതിരോധത്തിനാവശ്യമായ പിന്തുണ നല്‍കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

നവകേരളം കര്‍മ പദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷന്‍ വഴി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയില്‍ കാന്‍സര്‍ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇവ പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. കാന്‍സര്‍ സാധ്യതയുള്ളവര്‍ക്ക് സ്‌ക്രീനിംഗിലൂടെ ക്യാമ്ബ് നടത്തി സ്പെഷ്യലിസ്റ്റ് പരിശോധന നടത്തും. വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ക്യാമ്ബുകള്‍ വഴി സ്പെഷ്യലിസ്റ്റ് പരിശോധന ആരംഭിച്ചു കഴിഞ്ഞു .

ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒരു മാസത്തിനകം 140 നിയോജക മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കും. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വയനാട് ജില്ലയില്‍ 90 ശതമാനം സ്‌ക്രീനിംഗും പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന പഞ്ചായത്തുകളില്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അതുകഴിഞ്ഞ് എല്ലാ പഞ്ചായത്തുകളിലും സ്‌ക്രീനിംഗ് ആരംഭിക്കും.

കാമ്ബയിനിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കും . പദ്ധതി ആരംഭിച്ച്‌ രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി 10,22,680 പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായും മന്ത്രി അറിയിച്ചു. അതില്‍ 20.45 ശതമാനം പേര്‍ (2,09,149) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്ന റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതായും മന്ത്രി പറഞ്ഞു.

Leave A Reply