Roal

പ്രീസീസണ്‍ പര്യടനത്തിന് 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

വിദേശ പ്രീസീസണ്‍ പര്യടനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. അഞ്ച് വിദേശികളക്കം തകര്‍പ്പന്‍ ടീമാണ് യുഎഇയിലേക്ക് പോവുക.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യന്‍ സെന്റര്‍ ബാക്ക് മാര്‍ക്കോ ലെസ്‌കോവിച്ച്, യുറുഗ്വെ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ക്കൊപ്പം ഈ സീസണില്‍ ടീമിലെത്തിച്ച സ്പാനിഷ് സെന്റര്‍ ബാക്ക് വിക്ടര്‍ മോംഗില്‍, യുക്രൈന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ കാലിയൂഷ്‌നി, ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തോലോസ് ജിയാന്നു എന്നിവരും സ്‌ക്വാഡിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച പുതിയ സൈനിങ് ബിദ്യാഷാഗര്‍ സിങും സ്‌ക്വാഡിലുണ്ട്. ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡല്‍ എന്നീ പുതിയ ഇന്ത്യന്‍ സൈനിങുകളും പ്രീസീസണ്‍ കളിക്കും. എംഎസ് ശ്രീക്കുട്ടന്‍, നിഹാല്‍ സുധീഷ് തുടങ്ങിയ മലയാളി താരങ്ങളും സക്വാഡില്‍ ഇടംപിടിച്ചു.

ആഭ്യന്തര താരങ്ങളിലെ ഗോള്‍ വേട്ടക്കാരനെന്നറിയപ്പെടുന്ന താരമാണ് ഏറ്റവും പുതിയ സൈനിങായ ബിദ്യാഷാഗര്‍ സിംഗ്. 2020-21 ഐ-ലീഗ് സീസണില്‍ ട്രാവു എഫ്‌സിക്കായി കളിച്ച ബിദ്യ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു. സീസണില്‍ രണ്ട് ഹാട്രിക്കും ബിദ്യ നേടി. ഈ പ്രകടനം ബിദ്യയെ ബെംഗളൂരു എഫ്‌സിയുടെ റഡാറിലെത്തിച്ചു. എന്നാല്‍, ബെംഗളൂരുവിനായി 11 മത്സരങ്ങള്‍ കളിച്ച ബിദ്യക്ക് മൂന്ന് ഗോളുകളേ നേടാനായുള്ളൂ. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിദ്യയെ വായ്പാടിസ്ഥാനത്തില്‍ സ്വന്തമാക്കുന്നത്. ഈ സീസണ്‍ അവസാനം വരെ 24 കാരനായ മണിപ്പൂര്‍ സ്വദേശി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരും.

ഫിഫ എഐഎഫ്എഫിനു വിലക്കേര്‍പ്പെടുത്തിയതിനാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചതിനാല്‍ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.

Leave A Reply