Roal

അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; ആദ്യ സ്വര്‍ണം നേടി കേരളാ പൊലീസ്

തിരുവനന്തപുരം; 71ാമത് അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം കേരളാ പൊലീസിന്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ജോമി ജോര്‍ജ്ജ് ആണ് കേരളത്തിന് വേണ്ടി ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. 2019 ല്‍ കേരളാ പൊലീസില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജോമി ജോര്‍ജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവില്‍ കെഎപി അഞ്ചാം ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.

പിരപ്പന്‍കോട് ഡോ ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ നടക്കുന്ന പൊലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി എന്നീ അര്‍ധസൈനിക വിഭാഗങ്ങളും വിവിധ പൊലീസ് സേനകളുമാണ് പങ്കെടുക്കുന്നത്. ആകെ 27 ടീമിലായി 128 വനിതകളടക്കം 682 പേര്‍ മത്സരത്തിനിറങ്ങും. 44 അംഗ ടീമാണ് കേരള പൊലീസിന്റേത്.

വാട്ടര്‍പോളോ, ഹൈ ബോര്‍ഡ് ഡൈവിങ് എന്നിവ മത്സരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഫ്രീസ്‌റ്റൈല്‍, ബാക് സ്‌ട്രോക്, ബ്രെസ്റ്റ് സ്‌ട്രോക്, ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്, ഫ്രീസ്‌റ്റൈല്‍ മെഡ്‌ലെ, മെഡ്‌ലെ റിലെ, സ്പ്രിങ് ബോര്‍ഡ് ഡൈവിങ്, ഹൈബോര്‍ഡ് ഡൈവിങ്, മിക്‌സഡ് റിലെ ഇനങ്ങളിലാണ് മത്സരങ്ങള്‍. 21 വരെ രാവിലെ 8.30 മുതല്‍ രാത്രി 9.30 വരെയാണ് മത്സരങ്ങള്‍.

ശനിയാഴ്ച ക്രോസ് കണ്‍ട്രി റേയ്സ് മത്സരങ്ങള്‍ നടക്കും. ശംഖുംമുഖം മുതല്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയംവരെയാണ് മത്സരം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് രാവിലെ 6.30 ന് ശംഖുംമുഖത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. 24 ടീമിലായി 236 പേര്‍ ക്രോസ് കണ്‍ട്രി മത്സരങ്ങളില്‍ പങ്കെടുക്കും. 21ന് വൈകിട്ട് 5.30ന് സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് മുഖ്യാതിഥിയാകും.

 

Leave A Reply