Roal

വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ തിരുവനന്തപുരം നഗരസഭ മുന്‍പന്തിയില്‍

തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാര്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുന്‍നിരയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.പലതരം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് തെരുവ് കച്ചവടക്കാര്‍ ഉപജീവനം നടത്തുന്നതെന്നും നഗരസഭ നിര്‍ദേശങ്ങള്‍ അനുസരിച്ച് കച്ചവടം നിയമാനുസൃതമായി നടത്തേണ്ടത് ഈ വിഭാഗം തൊഴിലാളികളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.’സ്വാതന്ത്ര്യം തന്നെ അമൃതം’ ആഘോഷ പരിപാടികളുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വഴിയോരകച്ചവട മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ നഗരസഭയ്ക്ക് മുന്തിയ സ്ഥാനമാണുള്ളത്. മികച്ച വിജയം കൈവരിച്ച വഴിയോര കച്ചവടക്കാരുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്നത് ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്. നഗരസഭ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. കേന്ദ്രസര്‍ക്കാരിന്റെ സുസ്ഥിര വികസന സൂചികകളുടെ ആകെ തുകയില്‍ രാജ്യത്തെ മൂന്നാം സ്ഥാനത്താണ് തിരുവനന്തപുരം നഗരസഭ എന്നത് ശ്രദ്ധേയമാണ്. ദാര്യദ്ര്യ നിര്‍മാര്‍ജനം ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലും നഗരസഭ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകളില്‍ വിജയികളായ വഴിയോര കച്ചവടക്കാരുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗതാഗത മന്ത്രി ആന്റണി രാജു വിതരണം ചെയ്തു. ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.നഗരസഭയുടെ നേതൃത്വത്തില്‍ 21വരെ കനകക്കുന്നിലാണ് വഴിയോര കച്ചവടക്കാരുടെ മേളയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. വഴിയോര കച്ചവടക്കാരും കുടുംബശ്രീ അയല്‍കൂട്ടങ്ങളും വിവിധ സംഘടനകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ അര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലിം, നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സീസ്, വഴിയോരക്കച്ചവട തര്‍ക്ക പരാതി പരിഹാര കമ്മിറ്റി മെമ്പര്‍ ഡോ. പ്രദീപ്കുമാര്‍, തെരുവ് കച്ചവട സംഘടന പ്രതിനിധി ഡോ. സോണിയ ജോര്‍ജ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വഴിയോര കച്ചവട സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply