Roal

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല

കണ്ണൂർ: കൂടുതൽ റിസർച് സ്കോർ ലഭിച്ചതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്ന് കണ്ണൂർ സർവകലാശാല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതുമായി ബന്ധപ്പെട്ട വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രിയ വർഗീസിന്റെ ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നും കൂടുതൽ റിസർച് സ്കോർ ലഭിച്ചതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച നിയമാഭിപ്രായം അഡ്വക്കറ്റ് ജനറൽ, സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ എന്നിവരോട്  തേടിയപ്പോൾ സർവകലാശാല അഭിപ്രായത്തോട് യോജിച്ചുവെന്നും വിശദീകരിക്കുന്നു.

പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ മറികടന്നാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയ ആറുപേരിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാ‍യിരുന്നു. 156 മാര്‍ക്ക് റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 32 ലഭിച്ചു.

രണ്ടാം റാങ്ക് ജേതാവും 27 വർഷത്തെ അധ്യാപന പരിചയവുമുള്ള ജോസഫ് സക്കറിയയുടെ റിസർച് സ്കോർ 651 ആണ്. എന്നാൽ, അഭിമുഖത്തിൽ പ്രിയ വർഗീസിനേക്കാൾ രണ്ടു മാർക്ക് കുറവാണ്. മൂന്നാം റാങ്കുള്ള സി. ഗണേഷിന് 645 റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ കിട്ടിയത് 28 മാർക്കെന്നും വിവരാവകാശരേഖയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിൽ വിശദീകരണവുമായി സർവകലാശാല രംഗത്തെത്തിയത്.

Leave A Reply