Roal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ദുര്‍ബലരായ ബ്രെന്റ്ഫോര്‍ഡിനോട്് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രിസ്റ്റിയന്‍ എറിക്സണും ബ്രൂണോ ഫെര്‍ണ്ടാസുമെല്ലാം കളത്തിലിറങ്ങിയിട്ടും യുണൈറ്റഡിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. യുണൈറ്റഡ് പ്രതിരോധത്തിലെ പാളിച്ചകളാണ് ഗോളുകള്‍ക്ക് വഴിവെച്ചത്.

ബ്രെന്റ്ഫോര്‍ഡിനുവേണ്ടി ജോഷ് ഡാസില്‍വ, മത്തിയാസ് യെന്‍സണ്‍, ബെന്‍ മീ, ബ്രയാന്‍ എംബിയോമോ എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ 35 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡ് നാല് ഗോളുകളും വഴങ്ങി. മത്സരം തുടങ്ങി 10-ാം മിനിറ്റില്‍ ജോഷ് ഡാസില്‍വയിലൂടെ ബ്രെന്റ്ഫോര്‍ഡ് ലീഡെടുത്തു. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഡാസില്‍വയുടെ ദുര്‍ബലമായ ഷോട്ട് കൈയ്യിലൊതുക്കുന്നതില്‍ ഹിയ വളരെ വലിയ പിഴവാണ് വരുത്തിയത്.

എട്ട് മിനിറ്റുകള്‍ക്ക് ശേഷം മത്തിയാസ് യെന്‍സണിലൂടെ ബ്രെന്റ്ഫോര്‍ഡ് ലീഡ് ഡബിളാക്കി. ബോക്സിനകത്ത് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. എറിക്സന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത യെന്‍സണ്‍ അനായാസം ലക്ഷ്യം കണ്ടു.

മൂന്നാം ഗോള്‍ പിറന്നത് കോര്‍ണര്‍ കിക്കിലൂടെയാണ്. ബോക്സിലേക്കുയര്‍ന്നുവന്ന പന്ത് ഇവാന്‍ ടോണി ബെന്‍ മീയ്ക്ക് മറിച്ചുനല്‍കി. മീയിലേക്ക് വന്ന പന്ത് യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് തടയുന്നതില്‍ പരാജയപ്പെട്ടു. ഇതോടെ പന്ത് വലയിലേക്ക് തലകൊണ്ട് തട്ടിയിടേണ്ട ആവശ്യമേ മീയ്ക്ക് വന്നുള്ളൂ. സ്‌കോര്‍ 3-0.

ഒടുവില്‍ 35-ാം മിനിറ്റില്‍ ബ്രയാന്‍ എംബിയോമു ബ്രെന്റ്ഫോര്‍ഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ പ്രതിരോധതാരങ്ങളില്ലാത്ത യുണൈറ്റഡ് ബോക്സില്‍ വെച്ച് ബ്രയാന്‍ അനായാസം വലകുലുക്കി. ആദ്യ പകുതിയില്‍ തന്നെ ബ്രെന്റ്ഫോര്‍ഡ് വിജയമുറപ്പിച്ചു.

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുണൈറ്റഡ് നാണം കെട്ടു.നിലവില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് യുണൈറ്റഡ്.

 

Leave A Reply