Roal

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടി; കോടതിയെ സമീപിക്കാനൊരുങ്ങി മാനിപുരം സ്വദേശി

കൊടുവള്ളി: ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം കവർന്നതായി പരാതി. മാനിപുരം സ്വദേശി എ.പി. അബൂബക്കർ സിദ്ദീഖിന്റെ ആക്സിസ് ബാങ്ക് താമരശ്ശേരി ശാഖയിലെ അക്കൗണ്ടിൽ നിന്നുമാണ് 69,005 രൂപ തട്ടിയെടുത്തത്.

ആഗസ്റ്റ് ഏഴ് മുതൽ 11വരെയുള്ള ദിവസങ്ങളിലാണ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത്. 6372415422 എന്ന നമ്പറിൽനിന്ന് അബൂബക്കർ സിദ്ദീഖിന്റെ നമ്പറിലേക്ക് ഒരു ഫോൺ വരുകയും എച്ച്.ഡി.എഫ്.സിയുടെ ക്രെഡിറ്റ് കാർഡ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്കിന്റെ വിവരം ചോദിച്ചറിയുകയും ചെയ്യുകയായിരുന്നു.

തുടർന്ന് അക്കൗണ്ടിൽ നിന്നും പണം തുടർച്ചയായി പിൻവലിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അന്നുതന്നെ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടകാര്യം അറിയിക്കുകയും അക്കൗണ്ട് തടഞ്ഞുവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, തുടർന്നും ഹാക്കർമാർ പണമിടപാട് നടത്തിയതായാണ് കാണുന്നത്. ഇതുസംബന്ധിച്ച് 12ന് വീണ്ടും ബാങ്ക് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇത് സ്വീകരിക്കാനോ തുടർനടപടികൾ കൈക്കൊള്ളാനോ അധികൃതർ തയാറായില്ലെന്നാണ് അബൂബക്കർ പറയുന്നത്. തന്റെ പരാതിയിൽ നടപടി സ്വീകരിക്കാത്ത ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അബൂബക്കർ സിദ്ദീഖ്. പണം നഷ്ടമായത് സംബന്ധിച്ച് കൊടുവള്ളി പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Leave A Reply