Roal

ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി, കടകൾക്ക് നേരെ ആക്രമണം; തിരൂരിൽ മദ്യപാനികളുടെ ഗുണ്ടാവിളയാട്ടം

തിരൂർ: മലപ്പുറം തിരൂരിലെ ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ ഗുണ്ടാവിളയാട്ടം. പൊറ്റത്തപ്പടിയിലെ ബിവറേജസ് പരിസരത്തേക്ക് മദ്യപിച്ചെത്തിയ സംഘമാണ് അവിടെയുണ്ടായിരുന്ന ആളുകളെ അക്രമിച്ച് പരിക്കേൽപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മദ്യലഹരിയിളായ സംഘം തൊട്ടടുത്ത കടകൾക്കുനേരെയും അക്രമം അഴിച്ചുവിട്ടു. ഇത് തടയാൻ ശ്രമിച്ചവർക്കെതിരെയും അക്രമമുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം അഴിഞ്ഞാടിയത്. സംഘത്തിലെ ഒരാൾ ബിയർ കുപ്പി ഉപയോഗിച്ച് മറ്റൊരാളുടെ തലക്കടിച്ച് വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് പോലീസ് ലൈനിൽ മദ്യപിച്ചെത്തിയ ഒരാൾ സ്വകാര്യം ചാനലിന്റെ ക്യാമറാമാൻ ഷബീറിനെ മർദിക്കുകയും തലക്ക് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.ദിവസങ്ങളോളമായി ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ പരാക്രമമാണ്. ഇതുമൂലം സമീപത്തെ വ്യാപാരികൾക്കും താമസക്കാർക്കും ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ്.

Leave A Reply