Roal

ചാന്ദ്‌നിയിലെ ശ്രീദേവിയുടെ ലുക്കില്‍ മകള്‍ ജാന്‍വി

1989ല്‍ പുറത്തിറങ്ങിയ ചാന്ദ്‌നി എന്ന ചിത്രം സിനിമാപ്രേക്ഷകര്‍ക്ക് അത്രവേഗം മറക്കാനാവില്ല. ശ്രീദേവിയും വിനോദ് ഖന്നയും പ്രധാന വേഷങ്ങളിലെത്തിയ ഈ റൊമാന്റിക് മ്യൂസിക്കല്‍ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചാന്ദ്‌നിയിലെ ശ്രീദേവിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ശ്രീദേവിയുടെ മകള്‍ ജാന്‍വി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഏതാനും ഫോട്ടോകളാണ് ശ്രീദേവിയേയും ചാന്ദ്‌നി എന്ന ചിത്രത്തെയും ഓര്‍മിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീദേവി ബ്ലാക്ക് ലെയ്‌സ് സാരിയണിഞ്ഞ് എത്തുന്നുണ്ട്. ജാന്‍വി ഷെയര്‍ ചെയ്ത ചിത്രങ്ങളിലും സമാനമായ ബ്ലാക്ക് ലെയ്‌സ് സാരി കാണാം. ഇത് അമ്മയുടെ ചാന്ദ്‌നി സാരിയാണോ എന്നാണ് ആരാധകര്‍ ജാന്‍വിയോ് ചോദിക്കുന്നത്. എന്നാല്‍ ചാന്ദ്‌നി ഡിസൈനില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് നിര്‍മ്മിച്ച സാരിയാണ് ഇത്.

ശ്രീദേവിയുടെ ജന്മദിനമാണ് ഇന്ന്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ജാന്‍വി ”ജന്മദിനാശംസകള്‍ മമ്മ. ഞാന്‍ നിങ്ങളെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുന്നു. എക്കാലത്തേക്കും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,” എന്നാണ് ജാന്‍വി കുറിച്ചത്.

ബോളിവുഡില്‍ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളില്‍ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറാണ്. ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേര്‍പാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.

 

Leave A Reply