Roal

ക്രിക്കറ്റ് താരങ്ങളുടെ കരാറില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍

ഇസ്‌ലാമബാദ്; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള കരാറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പിഴവുകള്‍ക്കു വന്‍ തുകയാണു പിഴയായി പിസിബി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള വിലക്കും നേരിടേണ്ടിവരുമെന്നും കരാറിലുണ്ട്.

പുതിയ നിയമം അനുസരിച്ച് ഗ്രൗണ്ടിനു പുറത്തുള്ള പരിപാടികളില്‍ താരങ്ങള്‍ ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 25,000 മുതല്‍ ഒരു ലക്ഷം വരെ പാക്കിസ്ഥാനി രൂപ പിഴയായി അടക്കേണ്ടിവരും. പരിശീലനം, അഭിമുഖങ്ങള്‍ തുടങ്ങിയവയില്‍ ഡ്രസ് കോഡ് തെറ്റിച്ചാല്‍ പിഴ പിന്നെയും ഉയരും. 50,000 മുതല്‍ മൂന്ന് ലക്ഷം പാക്കിസ്ഥാനി രൂപ വരെയാണ് ക്രിക്കറ്റ് ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ടിവരിക. ഏതെങ്കിലും ഉത്പന്നങ്ങളുടെ പരസ്യത്തിന്റെ ഭാഗമാകുകയാണെങ്കില്‍ ബോര്‍ഡില്‍നിന്ന് അതിനു മുന്‍കൂര്‍ അനുമതി തേടണം. അല്ലെങ്കില്‍ അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം വരെ പിഴയൊടുക്കേണ്ടിവരും.

ക്രിക്കറ്റ് ബോര്‍ഡിന്റെ സ്‌പോണ്‍സര്‍മാരെയോ പങ്കാളികളെയോ ഈ പരസ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതാണെങ്കില്‍ അഞ്ചു മത്സരങ്ങള്‍ വരെ വിലക്കും നേരിടേണ്ടിവരും. ബോര്‍ഡ് അംഗീകരിച്ച വസ്ത്രം, ലോഗോ എന്നിവ മത്സര സമയങ്ങളില്‍ ധരിച്ചില്ലെങ്കില്‍ പത്ത് ലക്ഷം വരെയാണു പിഴ. അഞ്ചു മത്സരങ്ങളുടെ വിലക്കും ലഭിക്കും.

ക്രിക്കറ്റ് കിറ്റില്‍ അംഗീകാരമില്ലാത്ത ലോഗോയോ മറ്റോ കണ്ടെത്തിയാലും താരങ്ങളുടെ കയ്യില്‍നിന്നു ലക്ഷങ്ങള്‍ പോകും. ചൂതാട്ടത്തിനും ഒത്തുകളിക്കും രണ്ടു ലക്ഷം മുതല്‍ 20 ലക്ഷം വരെ പിഴ ശിക്ഷ ലഭിക്കും. മത്സരത്തിനിടയില്‍ ഡ്രസിങ് റൂമിലോ, മറ്റേതെങ്കിലും ഇടങ്ങളിലോ മൊബൈലില്‍ നോക്കിയിരുന്നാല്‍ 20 ലക്ഷം വരെ പിഴയായി താരങ്ങളുടെ കയ്യില്‍നിന്ന് പോകും.

ബാബര്‍ അസമുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും ചെറിയ മാറ്റങ്ങളോടെ ഇവരും കരാറില്‍ ഒപ്പിട്ടെന്നാണു വിവരം. അഭിഭാഷകരുമായി സംസാരിച്ച ശേഷമാണു ദേശീയ സീനിയര്‍ ടീമിലെ താരങ്ങള്‍ കരാറില്‍ ഒപ്പിട്ടത്.

Leave A Reply