Roal

റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ്; അതിവേഗ സെഞ്ചറി നേടി ചേതേശ്വര്‍ പൂജാര

ലണ്ടന്‍; റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ക്രിക്കറ്റില്‍ സസെക്‌സ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പൂജാര റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ക്രിക്കറ്റില്‍ അതിവേഗ സെഞ്ചറി നേടി. 79 പന്തില്‍ 107 റണ്‍സെടുത്ത താരം ഒരു ഓവറില്‍ നേടിയത് 22 റണ്‍സാണ്. അര്‍ധസെഞ്ചറിയില്‍നിന്ന് വെറും 22 പന്തിലാണ് പൂജാര സെഞ്ചറി തികച്ചത്.

വാര്‍വിക്ഷെയറിനെതിരെ 50 ഓവറില്‍ 311 റണ്‍സെന്ന സ്‌കോര്‍ വിജയലക്ഷ്യമായി വന്നതോടെയാണ് പൂജാര വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. അവസാന പത്ത് ഓവറുകളില്‍ സസെക്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 102 റണ്‍സായിരുന്നു.

ഇംഗ്ലിഷ് താരം ലിയാം നോര്‍വെല്‍ എറിഞ്ഞ 45ാം ഓവറിലായിരുന്നു താരം 22 റണ്‍സടിച്ചത്. 4,2,4,2,6,4 എന്നിങ്ങനെ സ്‌കോറുകളാണ് പൂജാര ഈ ഓവറിലെ ഓരോ പന്തുകളിലും നേടിയത്. മത്സരത്തിന്റെ 49ാം ഓവറില്‍ താരം പുറത്തായതോടെ സസെക്‌സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിച്ചു. വാര്‍വിക്ഷെയര്‍ താരം ഒലിവര്‍ ഹാനന്‍ ഡാല്‍ബിയാണു പൂജാരയെ പുറത്താക്കിയത്.

അവസാന രണ്ട് ഓവറുകളില്‍ സസെക്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. പൂജാരയുടെ പുറത്താകല്‍ സസെക്‌സിന് അപ്രതീക്ഷിത തിരിച്ചടിയായി. നാല് റണ്‍സ് വിജയമാണ് വാര്‍വിക്ഷെയര്‍ സ്വന്തമാക്കിയത്. വാര്‍വിക്ഷെയര്‍ ടീമിനായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി പൂജാരയുടെ ടീം ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയ്ക്കായി അഞ്ച് ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 51 റണ്‍സാണ് ആകെ നേടിയിട്ടുള്ളത്.ഇന്ത്യയ്ക്കായി അടുത്ത കാലത്ത് ടെസ്റ്റ് ടീമില്‍ മാത്രമാണു താരം കളിച്ചിരുന്നത്. 2021 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിട്ടില്ല.

 

Leave A Reply