Roal

ഓലയുടെ ഇലക്ട്രിക്ക് കാറിന്റെ ലോഞ്ച് ആഗസ്റ്റ് 15ന് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് ഓലയുടെ ഇലക്ട്രിക്ക് കാറിന്റെ ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിനത്തില്‍ തങ്ങളുടെ രണ്ട് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ ഓല പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്ന് ഇലക്ട്രിക്ക് കാറും മറ്റൊന്ന് ഓല സ്‌കൂട്ടറിന്റെ പുതിയ വേരിയന്റും ആയിരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

ഓല ഇലക്ട്രിക്കിന്റെ സി ഇ ഒ ഭവിഷ് അഗര്‍വാള്‍ ഇതിനുമുമ്പും നിരവധി തവണ ഓല കാറിന്റെ ടീസറുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വാഹനത്തിന്റെ ലോഞ്ചിനെ കുറിച്ചോ മറ്റ് വിവരങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിരുന്നില്ല. എന്നാല്‍ നിരവധി ഓട്ടോമൊബൈല്‍ വിദഗ്ദ്ധരുടെ വാക്കുകള്‍ അനുസരിച്ച് പുതുതായി പുറത്തിറങ്ങുന്ന് ഓല കാറിന് ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററിലേറെ സഞ്ചരിക്കാനുള്ള ശേഷിയുണ്ടാകും.

ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള ഇലക്ട്രിക്ക് കാറുകളെ അപേക്ഷിച്ച് സ്‌പോര്‍ട്ടീവ് ആയിരിക്കും ഓലയുടെ ഇലക്ട്രിക്ക് കാറെന്നും സംസാരമുണ്ട്. എന്നാല്‍ വാഹനം നിരത്തിലിറങ്ങാതെ നിര്‍മാതാക്കളുടെ അവകാശ വാദങ്ങളെ കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ലെന്നും ഇക്കൂട്ടര്‍ തന്നെ പറയുന്നുമുണ്ട്. ഏതായാലും രണ്ട് ദിവസത്തിനുള്ളില്‍ ഓലയുടെ കാര്‍ പുറത്തിറങ്ങുന്നതോടെ ഡിസൈന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് തീരുമാനമാകും. പക്ഷേ വാഹനം വിപണിയില്‍ എത്താന്‍ വീണ്ടും ദിവസങ്ങള്‍ പിടിക്കുമെന്നതിനാല്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് എത്തരത്തിലായിരിക്കുമെന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

 

Leave A Reply