Roal

ഐപിഎല്‍ മത്സരത്തിനിടെ പൂജ്യത്തിന് പുറത്തായതിന് ഐപിഎല്‍ ഉടമ കരണത്തടിച്ചെന്ന് റോസ് ടെയ്ലര്‍

വെല്ലിംഗ്ടണ്‍: ഐപിഎല്‍ മത്സരത്തിനിടെ ഒരിക്കല്‍ പൂജ്യത്തിന് പുറത്തായതിന് ഐപിഎല്‍ ഉടമ കരണത്തടിച്ചതായി ന്യൂസിലാന്‍ഡ് താരം റോസ് ടെയ്ലര്‍. ‘ബ്‌ളാക്ക് ആന്‍ഡ് വൈറ്റ്’ എന്ന തന്റെ ആത്മകഥയിലാണ് റോസ് ടെയ്ലറിന്റെ വെളിപ്പെടുത്തല്‍. രാജസ്ഥാന്‍ റോയല്‍സിന് കളിക്കുന്ന അവസരത്തലാണ് തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടതെന്നും സംഭവം നടക്കുമ്പോള്‍ ഷെയ്ന്‍ വോണും കാമുകി ലിസ് ഹര്‍ളിയും തന്റെ സമീപത്ത് ഉണ്ടായിരുന്നതായും റോസ് ടെയ്ലര്‍ വെളിപ്പെടുത്തി.

ഉടമ കാര്യമായിട്ട് ആണോ അതോ തമാശയ്ക്ക് ആണോ തന്റെ കരണത്ത് അടിച്ചതെന്ന് കാര്യത്തില്‍ തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും അടിച്ച ശേഷം ടീം ഉടമ ചിരിക്കുകയായിരുന്നെന്നും ടെയ്ലര്‍ പറഞ്ഞു. മറ്റ് പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഏതായാലും തന്നെ സംബന്ധിച്ച് ഇത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നു എന്നും റോസ് ടെയ്ലര്‍ വ്യക്തമാക്കി.

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 195 റണ്‍സ് പിന്തുടരുന്നതിനിടയില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ബാറ്റിംഗിന് ഇറങ്ങിയ റോസ് ടെയ്ലര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മത്സരത്തിന് ശേഷം താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ റൂഫ് ടോപ്പ് ബാറില്‍ വച്ച് ടീം ഉടമ തന്റെ കരണത്ത് മൂന്ന് നാലു തവണ അടിക്കുകയും നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ തന്ന് ടീമില്‍ എടുത്തിരിക്കുന്നത് ഇങ്ങനെ പൂജ്യത്തിന് പുറത്താകാനല്ലെന്നും ഉടമ പറഞ്ഞതായി ടെയ്ലര്‍ പുസ്തകത്തില്‍ കുറിച്ചു.

 

 

Leave A Reply