Roal

കാട്ടാനയുടെ ആക്രമണം; എച്ച്.ഡി കോട്ടയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ

പുൽപള്ളി: കർണാടകയിലെ ഇഞ്ചി കൃഷിയിടത്തിൽ മുട്ടിൽ സ്വദേശിയായ തൊഴിലാളിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തെത്തുടർന്ന് എച്ച്.ഡി കോട്ടയിൽ പ്രതിഷേധവുമായി നാട്ടുകാരും തൊഴിലാളികളും. മുട്ടിൽ പാലമംഗലം കോളനിയിലെ ബാലൻ (60)നെയാണ് കാട്ടാന കൊലപ്പെടുത്തിയത്. മരണ വിവരം അറിഞ്ഞയുടൻ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനായി എത്തിയതോടെയാണ് ജനങ്ങൾ പ്രതിഷേധം കനപ്പിച്ചത്. ഉന്നത വനപാലകരും ജില്ല കലക്ടറുമടക്കം സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് ഉന്നത വനപാലകർ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു.

മരിച്ചയാളുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷം അഞ്ചരലക്ഷം രൂപകൂടി കൈമാറും. ഇത്തരമൊരു തീരുമാനമുണ്ടായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മലയാളികളുടെ ഇഞ്ചി കർഷക സംഘടനയുടെ ഇടപെടലുകളുമുണ്ടായി. ഇതേ തുടർന്ന് മൃതദേഹം വേഗത്തിൽ പോസ്റ്റുമോർട്ടം ചെയ്തുകിട്ടാൻ സഹായിച്ചു.

 

Leave A Reply