Roal

ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

ചെന്നൈ: പട്ടാപ്പകല്‍ ന​ഗരത്തില്‍ വന്‍ ബാങ്ക് കവര്‍ച്ച നടന്നു . ഫെഡറല്‍ ബാങ്കിന്റെ അരുംബാക്കം ശാഖയിലാണ് കവര്‍ച്ച നടന്നത്.20 കോടി രൂപയുടെ സ്വര്‍ണവും പണവുമാണ് ഇവിടെ നിന്ന് മോഷണം പോയത് . ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണമാണ് നഷ്ടമായത്.ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് കോടികള്‍ കവര്‍ന്നത്. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തന്നെയാണ് കവര്‍ച്ചയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഫെഡറല്‍ ബാങ്ക് ശാഖയുടെ ഓഫീസിനകത്തേക്ക് മൂന്നം​ഗ സായുധ സംഘം ഇരച്ചു കയറിയാണ് മോഷണം നടത്തിയത്.സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച്‌ ബോധം കെടുത്തിയാണ് സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയായിരുന്നു . ഇതിന് ശേഷം ഷട്ടറുകള്‍ താഴ്ത്തി സം​ഘം പണം കവരുകയായിരുന്നു.

ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച്‌ ചെന്നൈ ന​ഗരത്തില്‍ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Leave A Reply