Roal

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ കൗണ്‍സില്‍ അന്തിമമാക്കി

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ കൗണ്‍സില്‍ അന്തിമമാക്കി. ആതിഥേയരുടെ കളിയോടെ 22-ാം ലോകകപ്പിന് കിക്കോഫ്. അല്‍ഖോര്‍ നഗരത്തിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നവംബര്‍ 20ന് രാത്രി ഒമ്പതരയ്ക്കാണ് കിക്കോഫ്. അറബ് പാരമ്പര്യവും സാംസ്‌കാരികതയും തുടിക്കുന്ന കലാപരിപാടികള്‍ നിറഞ്ഞതായിരിക്കും ഉദ്ഘാടനച്ചടങ്ങ്.

നവംബര്‍ 21ന് മൂന്ന് കളിയുണ്ടാകും. വൈകിട്ട് 6.30ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. ഈ കളി നേരത്തേ നിശ്ചയിച്ചപ്രകാരമാണ്. ലോകകപ്പിലെ ആദ്യകളിയായി പകല്‍ 3.30ന് തീരുമാനിച്ചിരുന്ന സെനഗല്‍നെതര്‍ലന്‍ഡ്സ് രാത്രി ഒമ്പതരയ്ക്കാക്കി. രാത്രി 12.30നുള്ള അമേരിക്കവെയ്ല്‍സ് കളിയില്‍ മാറ്റമില്ല.

മത്സരക്രമം പുതുക്കിയപ്പോള്‍ രണ്ട് കളി മാത്രമാണ് വ്യത്യാസം.ജര്‍മനിയില്‍ 2006ല്‍ നടന്ന ലോകകപ്പുമുതല്‍ ആതിഥേയര്‍ ആദ്യകളിക്ക് ഇറങ്ങാറുണ്ട്. ആ പാരമ്പര്യം തുടരാനാണ് തീയതി മാറ്റം. 2006ന് മുമ്പ് നിലവിലെ ചാമ്പ്യന്‍മാരായിരുന്നു കിക്കോഫിന് ഇറങ്ങാറ്. ഉദ്ഘാടനച്ചടങ്ങുകള്‍ കെങ്കേമമാക്കാന്‍ ഖത്തറും ആഗ്രഹിച്ചിരുന്നു. കിക്കോഫ് ദിവസം ഒറ്റക്കളി മാത്രമായതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ക്കും കലാപരിപാടികള്‍ക്കും ആവശ്യത്തിന് സമയംകിട്ടും.

ഒരുദിവസം നേരത്തേയാക്കുമ്പോള്‍ കാണികള്‍ക്ക് ആശയക്കുഴപ്പം വേണ്ടെന്ന് ഫിഫ വ്യക്തമാക്കി. 21ന് ടിക്കറ്റെടുത്തവര്‍ക്ക് 20ന് കളികാണാന്‍ അവസരമുണ്ടാകും. സമയമാറ്റം സംബന്ധിച്ച് ഇ മെയില്‍വഴി അറിയിപ്പുകള്‍ നല്‍കും. ലോകകപ്പ് ഇക്കുറി 29 ദിവസമാണ്. 32 ടീമുകള്‍ അണിനിരക്കുന്ന 64 കളികള്‍. മൂന്ന് ദിവസത്തെ കൗണ്ട്ഡൗണ്‍ ആഘോഷം ഇന്നവസാനിക്കും.

 

Leave A Reply