Roal

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പരോക്ഷ പ്രതികരണവുമായി യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പരോക്ഷ പ്രതികരണവുമായി യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. പൂവായാണ് നിങ്ങളെ ആരെങ്കിലും പരിഗണിക്കുന്നത് എങ്കില്‍ തീയായി മാറുക എന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സ്റ്റോറിയില്‍ ഇഷാന്‍ കിഷന്‍ കുറിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ റിസര്‍വ് താരമായെങ്കിലും പരിഗണിക്കുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍, താരത്തിന് അവസരം ലഭിച്ചില്ല. ഇന്ത്യയുടെ കഴിഞ്ഞ 15 ടി-20കളില്‍ 9ലും ഇഷാന്‍ കളിച്ചിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവില്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമില്‍ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുന്‍പ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹല്‍, ബിഷ്‌ണോയ് എന്നിവര്‍ക്കൊപ്പം വെറ്ററന്‍ സ്പിന്നര്‍ അശ്വിനും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയില്‍ അര്‍ഷദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുള്‍പ്പെടുത്തിയില്ല. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇടം നേടി. ലഭിച്ച അവസരങ്ങള്‍ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഓഗസ്റ്റ് 28ന് ദുബായില്‍ മത്സരം നടക്കും. ക്രിക്കറ്റില്‍ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.

 

Leave A Reply