Roal

ലാല്‍ സിങ് ഛദ്ദക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശില്‍ സനാതന്‍ രക്ഷക് സേനയുടെ പ്രതിഷേധം

ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശില്‍ ഹിന്ദു സംഘടനയായ സനാതന്‍ രക്ഷക് സേനയുടെ പ്രതിഷേധം. ആമിര്‍ ഖാന്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് യു.പിയിലെ ഭേലുപൂരിലെ ഐ.പി വിജയ മാളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

വീടുവീടാന്തരം കയറിയിറങ്ങി ആമിര്‍ ഖാന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ചിത്രം നിരോധിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.ചിത്രത്തിനെതിരെ ഒരു വിഭാഗം ബഹിഷ്‌കരണാഹ്വാനം മുഴക്കിയിരുന്നു. തുടര്‍ന്ന് ചിത്രം ബഹിഷ്‌കരുതെന്ന അഭ്യര്‍ഥനയും വിശദീകരണവുമായി ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ലാല്‍ സിങ് ഛദ്ദക്ക് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗും സുരേഷ് റെയ്നയും. ”ഇന്ത്യയിലെ സാധാരണക്കാരന്റെ വികാരങ്ങള്‍ ഈ സിനിമ നന്നായി പകര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഇത് ഒരു ആമിര്‍ ഖാന്‍ ചിത്രമാകുമ്പോള്‍ നിങ്ങള്‍ പ്രകടനത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല”, വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. അത് ശരിക്കും ഇഷ്ടപ്പെട്ടെന്നും സെവാഗ് പറഞ്ഞു.

ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍സിങ് ഛദ്ദ. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ നടന്‍ ടോം ഹാങ്ക്‌സ് ആയിരുന്നു ഈ സിനിമയില്‍ നായകന്റെ വേഷമിട്ടത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വയാകോം 18ഉം സംയുക്തമായാണ് ലാല്‍സിങ് ഛദ്ദ നിര്‍മിച്ചത്. അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായിക. മോന സിംഗ്, നാഗചൈതന്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാഗചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

Leave A Reply