Roal

അര്‍ജന്റീനയുമായുള്ള ലോകകപ്പ് സൗഹൃദ മത്സരം കളിക്കാനില്ലെന്ന് ബ്രസീല്‍

അര്‍ജന്റീനയുമായുള്ള ലോകകപ്പ് സൗഹൃദ മത്സരം കളിക്കാനില്ലെന്ന് ബ്രസീല്‍. അടുത്ത മാസം നടത്താനിരിക്കുന്ന അര്‍ജന്റീനയുമായുള്ള ലോകകപ്പ് സൗഹൃദ മത്സരം കളിക്കാനില്ലെന്ന് ബ്രസീല്‍ ഫിഫയെ അറിയിച്ചു. ഖത്തറില്‍ നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി സൗഹൃദ മത്സരം കളിക്കുന്നത് വലിയ അപകടം നിറഞ്ഞതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്റെ പിന്മാറ്റം.

കഴിഞ്ഞ വര്‍ഷം സാവോ പോളയില്‍ ബ്രസീല്‍-അര്‍ജന്റീന മത്സരം തുടങ്ങുന്നതിന് ആറു മിനിറ്റുകള്‍ക്കു മുമ്പാണ് കളി റദ്ദാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലെത്തി മത്സരം തടസ്സപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ബ്രസീല്‍, അര്‍ജന്റീന ഫുട്ബാള്‍ ടീമുകള്‍ക്ക് പിഴ ചുമത്തിയ ഫിഫ, ഇരുടീമുകളും മത്സരം കളിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. പിന്നാലെ ഇരു രാജ്യങ്ങളും സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചു. വിഷയത്തില്‍ ആഗസ്റ്റ് അവസാനം വിധി പറയാനിരിക്കുകയാണ്. പിഴ തുകയില്‍ ഫിഫ ഇതുവരെ ഇളവ് വരുത്തിയിട്ടില്ല.

ഇതിനിടെ മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുരാജ്യങ്ങളും ഫിഫയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതി തള്ളി. മത്സരം സെപ്റ്റംബറില്‍ നിര്‍ബന്ധമായും കളിക്കണമെന്ന് പറഞ്ഞ ഫിഫ, തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കുകള്‍, സസ്പെന്‍ഷനുകള്‍, അര്‍ജന്റീനക്കാരുടെ ബഹിഷ്‌കരണ സാധ്യത എന്നിവ ചൂണ്ടിക്കാട്ടി ബ്രസീല്‍ പരിശീലകന്‍ ടിറ്റെക്ക് മത്സരം കളിക്കാന്‍ താല്‍പര്യമില്ലെന്ന് ബ്രസീലിയന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് പറഞ്ഞു.

ഈ മത്സരം കളിക്കാനാകില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ ഫിഫയെ സമീപിക്കും. ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിന്റെ അഭ്യര്‍ഥന പരിഗണിച്ച് അതിനായി എല്ലാ ശ്രമങ്ങളും നടത്തും. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വിജയിക്കുകയെന്നതാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും റോഡ്രിഗസ് വ്യക്തമാക്കി.

നിലവില്‍ ബ്രസീലും അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയതാണ്. അതിനാല്‍ ഇനി സൗഹൃദ മത്സരത്തിന് പ്രസക്തിയില്ലെന്നാണ് ബ്രസീല്‍ പറയുന്നത്. ഖത്തറില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. മെക്സികോ, പോളണ്ട്, സൗദി അറേബ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന.

 

Leave A Reply