Roal

ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ലഭിച്ച സമ്മാനത്തുക ലങ്കയിലെ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നല്‍കി ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍

ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ലഭിച്ച സമ്മാനത്തുക ലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നല്‍കി ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍.

ക്രിക്കറ്റ് താരങ്ങള്‍ നല്‍കുന്ന സംഭാവന, ദ്വീപ് രാഷ്ട്രത്തിലെ 1.7 ദശലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് പോഷകാഹാരം, ആരോഗ്യം, സുരക്ഷിതമായ കുടിവെള്ളം, വിദ്യാഭ്യാസം, മാനസികാരോഗ്യ സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള യുനിസെഫിന്റെ പ്രോഗ്രാമുകളിലേക്കാണ് നല്‍കുന്നത്.

യുനിസെഫിന്റെ ആസ്ട്രേലിയന്‍ അംബാസഡറായ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് സംഭാവന നല്‍കുന്നത്. മൊത്തത്തില്‍, 45,000 ആസ്ട്രേലിയ ഡോളര്‍ ( 25.36 ലക്ഷം രൂപ) സംഭാവന ചെയ്യും.

‘ശ്രീലങ്കക്കാരുടെ ദൈനംദിന ജീവിതം എത്രത്തോളം കഠിനമാണെന്നത് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍, ടീമിന് ലഭിച്ച സമ്മാനത്തുക, ശ്രീലങ്കയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന യുനിസെഫിന് സംഭാവന ചെയ്യുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നു. കമ്മിന്‍സ് പ്രതികരിച്ചു.

2021 ജൂണ്‍-ജൂലൈ മാസങ്ങളിലെ ശ്രീലങ്കന്‍ പര്യടനം 2016-ന് ശേഷം ദ്വീപ് രാഷ്ട്രത്തിലേക്കുള്ള ആസ്ട്രേലിയയുടെ ആദ്യ പര്യടനമായിരുന്നു. മൂന്ന് ഫോര്‍മാറ്റുകളിലുമായി നടന്ന ടൂര്‍ണമെന്റിലെ ഏകദിന പരമ്പര ശ്രീലങ്ക 3-2ന് സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയ ട്വന്റി20 2-1ന് സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരങ്ങളും വിജയിച്ചു.

Leave A Reply