Roal

ഏഷ്യന്‍ ട്രാക്കിലെ ഇതിഹാസം ലിഡിയ ഡി വേഗ അന്തരിച്ചു

മനില: ഏഷ്യന്‍ ട്രാക്കിലെ ഇതിഹാസമെന്ന് അറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഫിലിപ്പൈന്‍സിലെ പ്രശസ്ത കായികതാരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ലിഡിയ 57-ാം വയസ്സിലാണ് അന്തരിച്ചത്. ‘അവര്‍ വലിയ പോരാട്ടം തന്നെ നടത്തി, ഇനി സമാധാനമായി ഇരിക്കട്ട’ ലിഡിയയുടെ മരണത്തിന് ശേഷം മകള്‍ സ്റ്റെഫാനി ഡി കൊയിനിഗ്സ്വാര്‍ട്ടര്‍ ട്വീറ്റ് ചെയ്തു. ‘അവസാനത്തെ മത്സരവും പൂര്‍ത്തിയാക്കി അവര്‍ പോയിരിക്കുകയാണ്. ആ പോരാളിക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം,’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍കോസ് ജൂനിയര്‍ പറഞ്ഞു.

തന്റെ കരിയറില്‍ 15 സ്വര്‍ണ്ണ മെഡലുകള്‍ ലിഡിയ നേടിയിട്ടുണ്ട്. ഇതില്‍ 9 എണ്ണവും നേടിയത് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിലാണ്. 18-ാം വയസ്സില്‍ തന്നെ അവര്‍ ഫിലിപ്പൈന്‍സില്‍ ട്രാക്കിലെ സൂപ്പര്‍താരമായി മാറിയിരുന്നു. 1981ലെ മനില സൌത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും അവര്‍ സ്വര്‍ണം നേടിയിരുന്നു.

1994ലാണ് ലിഡിയ ട്രാക്കില്‍ നിന്ന് വിരമിച്ചത്. 1993ലെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടമായിരുന്നു ട്രാക്കിലെ അവസാന വിജയം. പിന്നീട് രാഷ്ട്രീയത്തിലും സര്‍ക്കാര്‍ സര്‍വീസിലുമൊക്കെ ലിഡിയ പ്രവര്‍ത്തിച്ചിരുന്നു. 2005 മുതല്‍ സിംഗപ്പൂരിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനവും നല്‍കിയിരുന്നു. 2019ലെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിലാണ് ലിഡിയ അവസാനമായി പൊതുവേദിയില്‍ എത്തിയത്.

 

Leave A Reply